
മുംബൈ: ഐ ഐ ടി ബോംബെയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രൊഫസര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലെ അധ്യാപകനായ സൂര്യനാരായണ ദൂളക്കെതിരെയാണ് കേസ്്.
വിദ്യാര്‍ഥിക്ക് ജാതി അധിക്ഷേപവും പീഡനവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. ഐ ഐ ടിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സഹില്‍ വാക്കോഡെയാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ചക്ക്് നടന്ന പരീക്ഷക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സാഹിലിനെ പിടികൂടിയിരുന്നു. ചോദ്യപ്പേപ്പര്‍ എ ഐ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതായി കണ്ടെത്തുകയും ചെയ്തു. പരീക്ഷയുടെ ഇന്‍വിജിലേറ്റര്‍ ആയിരുന്നു പ്രൊഫസര്‍ സൂര്യനാരായണ ദൂള.
വിദ്യാര്‍ഥിയെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്തിറക്കി സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെയും സഹപാഠികളുടെയും ആരോപണം. എന്നാല്‍ വിദ്യാര്‍ഥിക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും കൗണ്‍സലിംഗ് നല്‍കി ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഐ ഐ ടി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ മൃതദേഹം ഏറ്റവാങ്ങാന്‍ തയ്യാറായില്ല. പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്‌കാര ചടങ്ങുകള്‍ നടത്തില്ലെന്ന് വ്യക്തമാക്കി അവര്‍ മണിക്കൂറുകളോളം ആശുപത്രിയില്‍ പ്രതിഷേധിച്ചു.