Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ കനത്ത മഴ; കോട്ടയത്തും ഇടുക്കിയിലും മണ്ണിടിച്ചിൽ

Published on 20 September, 2026
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ  കനത്ത മഴ; കോട്ടയത്തും ഇടുക്കിയിലും മണ്ണിടിച്ചിൽ

കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴ ശക്തമാകുകയാണ്. ഇടുക്കിയിലും കോട്ടയത്തും ശക്തമായ മഴ തുടരുന്നതിനിടെ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഇടുക്കി, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഈ മാസം 24 വരെ മഴ തുടരാൻ സാധ്യതയുണ്ട്.

കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തീക്കോയി, തലനാട്, വാഗമൺ മേഖലകളിൽ വൈകിട്ട് നാലുമണി മുതൽ നിർത്താതെ മഴ പെയ്യുകയാണ്. കാരിക്കാട് ടോപ്പിൽ മണ്ണിടിച്ചിലുണ്ടായി. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രണ്ട് കാറുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും ഡാം പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇത്തരം മേഖലകളിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

ഇടുക്കി വട്ടവടയിലും മഴയ്ക്കിടെ മണ്ണിടിച്ചിൽ ദുരന്തമുണ്ടായി. ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലെ കൊട്ടക്കമ്പൂർ അമ്മൻകോവിലിന് സമീപമാണ് അപകടമുണ്ടായത്. മരിച്ച ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക