Image

ആനിക്കാട് മാർത്തോമാ പള്ളി സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് മോഷണം പോയി

Published on 20 September, 2026
ആനിക്കാട് മാർത്തോമാ പള്ളി സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് മോഷണം പോയി

പത്തനംതിട്ട: ജില്ലയിലെ പള്ളി സെമിത്തേരിയിൽ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബുകൾ വീണ്ടും മോഷണം പോയി. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിലാണ് പുതിയ മോഷണം നടന്നത്. സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകി. മല്ലപ്പള്ളി മേഖലയിലെ സെമിത്തേരികളിൽ മുമ്പ് നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെ നിന്നും ഗ്രാനൈറ്റ് കടത്തിയിരിക്കുന്നത്.

കീഴ്‌വായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇത് മൂന്നാം തവണയാണ് കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം പോകുന്നത്. മുമ്പ് നടന്ന കേസുകളിൽ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഗ്രാനൈറ്റ് പണികൾ കൃത്യമായി അറിയുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് സംശയം. കട്ടികുറഞ്ഞ ഗ്രാനൈറ്റ് പാളികൾക്ക് കേടുപാടുകൾ വരുത്താതെയാണ് ഇവർ വേർപെടുത്തിക്കൊണ്ടുപോകുന്നത്.

ഭാരമേറിയ ഗ്രാനൈറ്റ് സ്ലാബുകൾ വാഹനങ്ങളുടെ സഹായമില്ലാതെ കൊണ്ടുപോകാൻ കഴിയില്ലെന്നതിനാൽ മോഷണത്തിന് പിന്നിൽ വൻ സംഘം തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സി.സി.ടി.വി. ക്യാമറകൾ ഇല്ലാത്ത സെമിത്തേരി പരിസരത്തിലൂടെ കടന്നുപോയ വാഹനങ്ങൾ കേന്ദ്രീകരിച്ചും കല്ലറ നിർമാണ കരാറുകാരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക