Image

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

Published on 20 September, 2026
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയത്തിൻറെ കാവൽക്കാരൻ എന്നറിയപ്പെടുന്ന ഡോക്ടർ വിജയരാഘവൻ കാർഡിയോളജി രംഗത്ത് നൂതനമായ പലമാറ്റങ്ങൾക്കും തുടക്കമിട്ടു. രാജ്യം പത്മശ്രീ നൽകി ആദരിച്ച ഡോക്ടറുടെ പല പ്രബന്ധങ്ങളും ആഗോള രംഗത്ത് ശ്രദ്ധിക്കപ്പെട്ടതാണ്. ഹൃദയതാളമറിയാൻ ഡോ വിജയരാഘവന് സ്റ്റെതസ്കോപ്പിൻറെ ആവശ്യം ഇല്ലെന്ന പ്രയോഗം തന്നെയുണ്ട്.

 പതിറ്റാണ്ടുകളായി ചിരിച്ചുകൊണ്ട് രോഗികളെ നോക്കുന്ന ഡോക്റുടെ ആശ്വാസ കരങ്ങൾ തിരുവനന്തപുരവും കേരളവും രാജ്യവും വൻകരകളും കടന്ന് വ്യാപിച്ചു. രോഗികൾക്ക് ആശ്വാസം ഡോക്ടറുമാരുടെ സംശയങ്ങൾക്ക് മറുപടിയുമായിരുന്നു വിജയരാഘവൻ. രാജ്യത്തെ ആദ്യ 2 ഡി എക്കോ കാർഡിയോഗ്രാഫി ലബോറട്ടറിക്ക് തുടക്കമിട്ടത് വിജയരാഘവൻ ഡോക്ടറായിരുന്നു.

തിരുവനന്തപുരത്തെ കിംസ് ഹെല്‍ത്ത് കെയറിന്റെ വൈസ് ചെയര്‍മാനും സ്ഥാപക ഡയറക്ടറുമാണ് ജി വിജയരാഘവന്‍. ഹൃദ്രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ അഭിമാനമായ അദ്ദേഹം തിരുവനന്തപുരത്തെ സൊസൈറ്റി ഫോര്‍ കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് പ്രസിഡന്റ് ആയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ്, എംഡി പഠനം പൂര്‍ത്തിയാക്കിയ വിജയരാഘവന് വൈദ്യശാസ്ത്രരംഗത്തെ മികച്ച സംഭാവനകള്‍ക്ക് രാജ്യം 2009ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗം മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ മെഡിക്കല്‍ അധ്യാപകന്‍ കൂടിയാണ് അദ്ദേഹം. നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക