
യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥരായ ഖത്തറിന്റെ മുന്നിൽ ഇറാൻ ഏഴു വ്യവസ്ഥകൾ വച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ വ്യവസ്ഥകൾ തള്ളിയാൽ 'നിർണയകമായ യുദ്ധം' ഉണ്ടാവുമെന്നു വ്യക്തമാക്കുകയും ചെയ്തു.
ഖത്തർ ഈ വ്യവസ്ഥകൾ യുഎസിനെ അറിയിച്ചെന്നു ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ രസായി 'അൽ ജസീറ'യോടു പറഞ്ഞു. "ഞങ്ങൾ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം കാത്തിരിക്കയാണ്."
എല്ലാ പോർമുഖങ്ങളിലും യുദ്ധം നിർത്തുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
എക്‌സിൽ രസായി കുറിച്ചു: "യുഎസുമായി ചർച്ചയ്ക്കു ഇറാൻ 7 ഉപാധികൾ വച്ചിട്ടുണ്ട്. ഞങ്ങളുടെ സന്ദേശം സുവ്യക്തമാണ്. യുഎസ് സ്വയം കുഴിച്ച കുഴിയിൽ നിന്നു കര കയറണമെങ്കിൽ ഈ ഉപാധികൾ സ്വീകരിച്ചേ പറ്റൂ.
"ട്രംപിന്റെ ഭീഷണികൾ കൊണ്ട് ഒന്നും നേടാനാവില്ല. ഞങ്ങൾ നിർണായക യുദ്ധത്തിനു തയാറാണ്."
ഖത്തറും പാക്കിസ്ഥാനും ചർച്ചകൾ വീണ്ടും ആരംഭിക്കാനുളള ശ്രമങ്ങൾ കഴിഞ്ഞ മാസം തുടങ്ങിയതാണെന്നു 'അൽ ജസീറ' പറയുന്നു. എന്നാൽ യുഎസ് വീണ്ടും ആക്രമിക്കാൻ സാധ്യതയുണ്ടെന്നു രസായി പറയുന്നു. ഇറാൻ സൈന്യത്തിന്റെ വിലയിരുത്തലാണത്. ഇറാൻ യുദ്ധ തന്ത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
"ഇനി ഇറാന്റെ പ്രതികരണം കൂടുതൽ വ്യാപകമായിരിക്കും. മേഖലയിലെ യുഎസ് താവളങ്ങൾക്കു പുറമേ അമേരിക്കൻ വാണിജ്യത്തെയും ഈ മേഖലയിലെ യുഎസ് കമ്പനികളെയും കൂടി ഞങ്ങൾ ലക്‌ഷ്യം വയ്ക്കും."
എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാനുള്ള തന്ത്രമാണ് ഇറാൻ നടപ്പാക്കുന്നതെന്ന് രസായി കൂട്ടിച്ചേർത്തു.
Iran sets 7 conditions for talks with US