
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ചിക്കൻ ബിരിയാണി നൽകാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട്. മുഖ്യമന്ത്രി വിജയ്‌യുടെ ആഗ്രഹമാണ് പദ്ധതിക്ക് പിന്നിലെന്ന് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ പറഞ്ഞു. എന്നാൽ പദ്ധതി ഉടൻ നടപ്പാക്കില്ലെന്നും, ഭക്ഷണം ശുചിത്വത്തോടെയും സുരക്ഷിതമായും തയ്യാറാക്കി വിതരണം ചെയ്യാൻ കഴിയുമോ എന്ന് ആദ്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികൾക്കും ചിക്കൻ ബിരിയാണി ലഭിക്കാനുള്ള അവസരം ഒരുക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് രാജ് മോഹൻ പറഞ്ഞു. എന്നാൽ വലിയ തോതിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആദ്യം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
'പുഴൽ ജയിലിലെ തടവുകാർക്ക് പോലും ചിക്കൻ ബിരിയാണി ലഭിക്കുന്നുണ്ട്. നമ്മുടെ വിദ്യാർഥികൾക്കും അത് നൽകിക്കൂടേ?' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി ആവശ്യമായ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിജയ്‌യോട് താനാണ് ചിക്കൻ ബിരിയാണി നൽകാനുള്ള ആശയം മുന്നോട്ടുവച്ചതെന്നും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും രാജ് മോഹൻ നേരത്തെ വ്യക്തമാക്കിയിരുന്നു.