
പത്തനംതിട്ട: കേന്ദ്രസർക്കാർ പുറത്തിറക്കിയ പരിസ്ഥിതി ലോല മേഖലകളുടെ (ഇക്കോ സെൻസിറ്റീവ് സോൺ -ESZ) കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ആശങ്കകളാണ് നിലനിൽക്കുന്നതെന്ന് കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ. കോന്നി മണ്ഡലത്തില്‍ പരിസ്ഥിതിലോല മേഖലകളായി നിർദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ ആശങ്കയിലാണെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കോന്നി താലൂക്കില്‍ പരിസ്ഥിതിലോല പ്രദേശങ്ങളിലെ വിഷയങ്ങള്‍ ചർച്ചചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ. പരാതി നൽകാനുള്ള തീയതി അവസാനിക്കാൻ ദിവസങ്ങള്‍ ബാക്കി നിൽക്കെ കൃത്യമായ മാപ്പ് ബയോഡൈവേസിറ്റിയുടെ സൈറ്റുകളില്‍ ലഭ്യമല്ലാത്തത് ഗൗരവമുള്ള വിഷയമാണ്.
'പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ ജനപ്രതിനിധികളെയോ മറ്റ് എംഎൽഎമാരെ വിളിച്ചോ ഇതുവരെ ഒരു യോഗങ്ങളും വിളിച്ച് ചേർത്തിട്ടില്ല. ആ ഒരു സാഹചര്യത്തിലാണ് കോന്നിയിൽ ഈ കാര്യത്തെ സംബന്ധിച്ച ഒരു യോഗം വിളിച്ചു ചേർത്തത്. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് ആറ് വിജ്ജാപനം വന്നപ്പോഴുണ്ടായ പ്രതിഷേധം ഇപ്പോൾ കാണാത്തത് ആശങ്ക ജനിപ്പിക്കുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് വില്ലേജുകളാണ് കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഈ വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങള്‍ പൂർണമായും ഒഴിവാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജനവാസ മേഖലകളെ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ കൃത്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്നും ആവശ്യമുയർന്നു.
ഈ വിഷയത്തിൽ സംസ്ഥാന പരിസ്ഥിതി മന്ത്രി സണ്ണി ജോസഫിനേയും പരിസ്ഥിതി വകുപ്പ് സെക്രട്ടറി എംജി രാജമാണിക്യത്തെയും നേരിട്ട് കണ്ട് ഈ വിഷയത്തിലെ ജനങ്ങളുടെ ആശങ്കകളും കരട് വിജ്ഞാപനത്തിലെ അവ്യക്തതയും ബോധ്യപ്പെടുത്തിയതായും എംഎൽഎ അറിയിച്ചു.
ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട്, കഴിഞ്ഞ ഗവൺമെൻ്റ് നൽകിയ നിർദ്ദേശ പ്രകാരം നടപടികളുമായി മുന്നോട്ട് പോകണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്. തിങ്ങിനിറഞ്ഞ ജനവാസമുള്ള പ്രദേശങ്ങൾ ഈ പരിസ്ഥിതി ലോല പട്ടികയിൽ അന്തിമമായി ഉൾപ്പെടുത്തിയാൽ, അവിടങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതവും താമസവും പൂർണ്ണമായും അസാധ്യമായി മാറും.