
കോഴിക്കോട്: പിണറായി വിജയനെതിരെ ഇ.ഡി. ശുപാർശയിൽ കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. വിഷയം പൂർണ്ണമായി പഠിച്ച ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയ അദ്ദേഹം എൽ.ഡി.എഫിനെയും സി.പി.ഐ.എമ്മിനെയും രാഷ്ട്രീയമായി വേട്ടയാടാൻ നോക്കിനിൽക്കില്ലെന്നും മുന്നറിയിപ്പ് നൽകി. കേസും നിയമനടപടികളും അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേസ് രാഷ്ട്രീയ പ്രേരിതമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വിഷയം പഠിച്ചുവരികയാണെന്നും സി.പി.ഐ. നിലപാട് പണ്ടേ വ്യക്തമാക്കിയതാണെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ഇടയ്ക്കിടെ അത് ആവർത്തിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ഡി. നടപടിയെ രാഷ്ട്രീയ വേട്ടയാടലായി കാണാമോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും, അതൊക്കെ മാധ്യമങ്ങൾക്ക് തീരുമാനിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച നിയമോപദേശം പരിശോധിച്ചുവരികയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.