
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ജയിലിലെ ആശുപത്രി ബ്ലോക്കിൽ കഴിയുന്നതിനെ പരോക്ഷമായി വിമർശിച്ച് ആർ ശ്രീലേഖ. സെൻട്രൽ ജയിലിലെ സാധാരണ സെല്ലുകളെ അപേക്ഷിച്ച് ആശുപത്രി ബ്ലോക്ക് വളരെ വൃത്തിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ പരോക്ഷ വിമർശനം. ഫേസ്‌ബുക്കിലൂടെയാണ് പരിഹാസ പോസ്റ്റ്.
തച്ചങ്കരിയുടെ പേര് നേരിട്ട് പരാമർശിക്കാതെ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ, ആശുപത്രി ബ്ലോക്കിലെ മികച്ച കിടക്കകൾ, മെത്തകൾ, തലയിണകൾ, ഫാനുകൾ, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, ഒറ്റയ്ക്ക് താമസിക്കാനുള്ള സൗകര്യം, മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം എന്നിവയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. താൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്ന കാലത്താണ് ഈ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
'തിരുവനന്തപുരം സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങൾ, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം... ഇതൊക്കെ ഞാൻ ജയിൽ വകുപ്പ് DGP ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണ്. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം!''
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കോട്ടയം വിജിലൻസ് കോടതി വ്യാഴാഴ്‌ചയാണ് തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് തച്ചങ്കരിയെ മാറ്റിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് അദ്ദേഹത്തെ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്.
2016-ൽ, എഡിജിപി ആയിരിക്കെ, ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി തച്ചങ്കരി തന്നെ ഉപദ്രവിക്കുന്നു എന്ന് ശ്രീലേഖ ആരോപിച്ചത് വലിയ വിവാദമായിരുന്നു. സിവിൽ സർവീസ് പരിശീലന കാലം മുതൽ അദ്ദേഹം തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് അന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ അവർ ആരോപിച്ചിരുന്നു. അന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന തച്ചങ്കരി ആരോപണങ്ങൾ നിഷേധിക്കുകയും വിഷയം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.