Image

ഉണ്ണിയാടന്റെ സ്വീകരണവേദിയില്‍ നിറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍; കരുതലോടെ നീങ്ങാന്‍ പി.ജെ. ജോസഫ്

Published on 19 September, 2026
 ഉണ്ണിയാടന്റെ സ്വീകരണവേദിയില്‍ നിറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍; കരുതലോടെ നീങ്ങാന്‍ പി.ജെ. ജോസഫ്

തൃശ്ശൂര്‍: തോമസ് ഉണ്ണിയാടനെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ലെന്ന് വീണ്ടും ചോദിക്കാനാഗ്രഹിക്കുന്നതായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ടി.എന്‍. പ്രതാപന്‍. കേരള കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഉണ്ണിയാടന്‍ നിയമസഭാംഗമായതിന്റെ 25-ാം വാര്‍ഷികത്തില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവര്‍ ചേര്‍ന്നൊരുക്കിയ സ്നേഹാദരം പരിപാടി തൃശ്ശൂര്‍ സാഹിത്യ അക്കാദമി എം.ടി. ഹാളില്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഘടകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചായിരുന്നു പ്രതാപന്റെ പ്രസംഗം. കേരള കോണ്‍ഗ്രസില്‍ പി.ജെ. ജോസഫ് കഴിഞ്ഞാല്‍ തൊട്ടുതാഴെയുള്ള, പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാനായ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു കാണാന്‍ തിരുവനന്തപുരം സെന്‍ട്രല്‍സ്റ്റേഡിയത്തിലേക്കു പോകാനൊരുങ്ങിയിരുന്നതായിരുന്നു നമ്മളെല്ലാവരുമെന്ന് പ്രതാപന്‍ പറഞ്ഞു.

'കാരണം അദ്ദേഹത്തെക്കാള്‍ വളരെ താഴെയുള്ളവര്‍ മന്ത്രിമാരായി. എന്തുകഴിവുകുറവാണ് ഉണ്ണിയാടനുള്ളത്. ചിലപ്പോള്‍ ഉണ്ണിയാടന്റെ അപ്പന്‍ മന്ത്രിയായിട്ടുണ്ടാകില്ല, ചെയര്‍മാനായിട്ടുണ്ടാകില്ല, പക്ഷേ, ഗവ. ചീഫ്വിപ്പ് സ്ഥാനത്തേക്ക് മക്കളെയല്ല, ഉണ്ണിയാടനെയായിരുന്നു കൊണ്ടുവരേണ്ടതെന്നു പറയുന്നതില്‍ ആര്‍ക്കും പരിഭവവും പരാതിയും തോന്നരുത്. വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ്.'മകന്‍ അപു ജോസഫിനെ ചീഫ്വിപ്പാക്കിയ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫിനെ നേരിട്ട് പരാമര്‍ശിക്കാതെ പ്രതാപന്‍ പറഞ്ഞു.

ഈ സ്വീകരണം തൃശ്ശൂരുകൊണ്ട് നിര്‍ത്തരുതെന്നും മറ്റ് ജില്ലകളിലും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസിലെ സംസ്ഥാനനേതാക്കള്‍ പങ്കെടുത്തില്ലെങ്കിലും ഒട്ടേറെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക