
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് സ്വന്തം സംഘടനപോലെയാണെന്നും എന്നും കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നുനിന്നിട്ടുള്ള ഒരു കേരള കോണ്‍ഗ്രസുകാരനാണ് താനെന്നും വ്യക്തമാക്കി തോമസ് ഉണ്ണിയാടന്‍ എംഎല്‍എ. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ കേരള കോണ്‍ഗ്രസ് സൗഹൃദ കൂട്ടായ്മ നല്‍കിയ സ്നേഹാദരത്തിന് പിന്നാലെ ഉണ്ടായ വിവദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കോണ്‍ഗ്രസ് സ്വന്തം സംഘടനപോലെയാണ്. എന്നും കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നുനിന്നിട്ടുള്ള ഒരു കേരള കോണ്‍ഗ്രസുകാരനാണ് ഞാന്‍. 50 വര്‍ഷം മുന്‍പ് കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ച് രാഷ്ട്രീയം തുടങ്ങിയ ആളാണ്. തുടര്‍ന്ന് കോളേജ് ചെയര്‍മാന്‍, അഭിഭാഷക വിങ് എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.' അദ്ദേഹം പറഞ്ഞു.
'2001, 2006, 2011 വര്‍ഷങ്ങളിലും ഒരു ഇടവേളയ്ക്ക് ശേഷം 2026-ലും എംഎല്‍എ ആയ ആളാണ് ഞാന്‍. 25 വര്‍ഷം എംഎല്‍എ ആയതിന്റെ സന്തോഷം പങ്കുവെക്കാന്‍ എല്ലാ ജില്ലകളില്‍ നിന്നും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ പോകാറുണ്ട്. അത്തരത്തില്‍ ഒരു പരിപാടിയായിരുന്നു സാഹിത്യ അക്കാദമി ഹാളിലും നടന്നത്.' അദ്ദേഹം പറഞ്ഞു.
'കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ സുഹൃത്തുക്കളുടെ സംഗമമാണ് നടന്നത്. പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പുണ്ടാകുമെന്നൊന്നും അതിന് അര്‍ത്ഥമില്ല.' ഉണ്ണിയാടന്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനും ജാതിമതങ്ങള്‍ക്കും അതീതമായി ഇരിങ്ങാലക്കുടയിലെ ജനങ്ങളുടെ വിഷയങ്ങളില്‍ ഇടപെട്ടും പ്രാദേശിക വികസനം ശ്രദ്ധിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും ഉണ്ണിയാടന്‍ പറഞ്ഞു.