
പത്തനംതിട്ട: മാസപ്പടി കേസില്‍ എജിയുടെ നിയമോപദേശം കിട്ടിയെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗല്‍ ഒപ്പീനിയന്‍ തേടിയത്. എസ്‌ഐടി സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശനും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇഡി വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശിപാര്‍ശ കത്തില്‍ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അന്വേഷണം ഏതെന്നു സര്‍ക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികള്‍ അടക്കം ചേര്‍ത്തുകൊണ്ടാണ് ഉപദേശം. ഡിജിപിയുടെ അഭിപ്രായം കൂടി ചേര്‍ത്ത് എജിയാണ് നിയമോപദേശം നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.