
ആന്ധ്രപ്രദേശ്: തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കിവരുന്ന ലഡ്ഡു നിര്‍മാണത്തിനായി ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുകൃതി ഫുഡ്‌സ് പ്രൊമോട്ടര്‍ കൈലാസ് ചന്ദ് മംഗ്ലയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
'അഗ്മാര്‍ക്ക് സ്പെഷ്യല്‍ ഗ്രേഡ് പശുവിന്‍ നെയ്യ്' എന്ന പേരില്‍ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) വിതരണം ചെയ്ത നെയ്യ്, ശുദ്ധീകരിച്ച പാമോയില്‍, പാം കേര്‍ണല്‍ ഓയില്‍, പാമോളിന്‍, വിവിധ രാസവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഏജന്‍സി വ്യക്തമാക്കി.
ടിടിഡി നെയ്യ് മായം ചേര്‍ക്കല്‍ കേസുമായി ബന്ധപ്പെട്ട് സപ്റ്റംബര്‍ 17-ന് ഹൈദരാബാദ് ഓഫീസാണ് മംഗളയെ കസ്റ്റഡിയിലെടുത്തതെന്ന് കേന്ദ്ര ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. തുടര്‍ന്ന് വിശാഖപട്ടണത്തെ പ്രത്യേക പണം വെളുപ്പിക്കല്‍ തടയല്‍ നിയമ (PMLA) കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ഇഡി വ്യക്തമാക്കി.
ഏജന്‍സി നല്‍കുന്ന വിവരമനുസരിച്ച്, ശുദ്ധീകരിച്ച പാമോയില്‍, പാം കേര്‍ണല്‍ ഓയില്‍, പാമോളിന്‍ എന്നിവയ്‌ക്കൊപ്പം MG90, മോണോഗ്ലിസറൈഡുകള്‍, മൈവാസെറ്റ് സോഫ്റ്റ് 400 (Myvacet Soft 400), അസറ്റിക് ആസിഡ് എസ്റ്റര്‍ എന്നീ രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് തിരുപ്പതി ലഡു പ്രസാദം നിര്‍മിക്കുന്നതിനായി ഉപയോഗിച്ചുവെന്ന്
ആരോപിക്കപ്പെടുന്ന മായം ചേര്‍ത്ത നെയ്യ് നിര്‍മിച്ചിരുന്നത്.