
മൻഹാട്ടനിൽ കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ സബ്‍വെ ട്രെയിൻ തട്ടി മരിച്ച യുവാവും യുവതിയും സ്പ്രിംഗ് സ്ട്രീറ്റ് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ വച്ചു കെട്ടിപ്പിടിക്കയും ചുംബിക്കയും ചെയ്യുന്നതിനിടയിൽ രണ്ടിലൊരാൾക്കു ബാലൻസ് നഷ്ടപ്പെടുകയും ഇരുവരും ട്രാക്കിലേക്കു തെറിച്ചു വീഴുകയുമാണ് ഉണ്ടായതെന്നു 'ന്യൂ യോർക്ക് ഡെയ്‌ലി ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.
വീഴ്ചയിൽ നവം കൗളിന്റെ തല അടിച്ചുവെന്നു പത്രം പറയുന്നു. അയാളെ പിടിച്ചു അടുപ്പിക്കാൻ മലൈക ചിത്രേ ശ്രമിക്കുന്നതിനിടയിലാണ് ട്രെയിൻ നമ്പർ 4 ഇരച്ചു വന്നു അവരെ തട്ടി വീഴ്ത്തിയത്.
ഇരുവരും ട്രാക്കിൽ ഇരിക്കയായിരുന്നു എന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. ഇവർ മദ്യപിച്ചിരുന്നോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇതൊരു ഇരട്ട ആത്മഹത്യയാണ് എന്നു പോലീസ് കരുതുന്നില്ല.
ദക്ഷിണേഷ്യക്കാരായ യുവാവും യുവതിയും ദീർഘകാല സുഹൃത്തുക്കൾ ആയിരുന്നുവെന്നു തിരിച്ചറിഞ്ഞിരുന്നു. ചിത്രെയും (24) നവം കൗളും (24) അടുത്തിടെ റട്ട്ഗേഴ്സ് യൂണിവേഴ്‌സിറ്റിയിൽ നിന്നു ബിരുദമെടുത്ത ശേഷം ജോലിയിൽ പ്രവേശിക്കാൻ തയാറെടുക്കുമ്പോഴാണ് ദുരന്തം സംഭവിച്ചത്.
സെൻട്രൽ ജേഴ്സിയുടെ പ്രശാന്തമായ പ്രാന്ത പ്രദേശത്തു വളർന്നവരാണ് ചിത്രെയും കൗളും. ഇരുവരുടെയും വീടുകൾ തമ്മിൽ 11 മൈൽ അകലം മാത്രം. സൗത്ത് ബ്രൂൺസ്വിക്കിൽ സമ്മർഫീൽഡ് വികസന മേഖലയിലാണ് ചിത്രെയുടെ കുടുംബം താമസിക്കുന്നത്. നേപ്പാളിസ് വംശജനായ കൗളിന്റെ വീട് സായർവില്ലിൽ നിർമിച്ചു വരുന്ന കോളനി ക്ലബ് മേഖലയിലും.
ഇരു സമൂഹങ്ങളിലും ശക്തമായ ദക്ഷിണേഷ്യൻ സാന്നിധ്യമുണ്ട്. യൂണിവേഴ്സിറ്റിയിൽ ചിത്രെയും കൗളും അടുത്തതിൽ ആ സ്വാധീനമുണ്ടെന്നു സുഹൃത്തുക്കൾ കരുതുന്നു.
2024ൽ ബിരുദമെടുത്ത ശേഷം ചിത്രെയ്ക്ക് അക്കാഡിയ ഫാർമയിൽ ക്വാളിറ്റി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റായി ജോലി കിട്ടി. ഫാർമസിയിൽ ഡോക്ടറേറ്റിനു ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ ചേരുകയും ചെയ്തു.
Couple hit by train had fallen off platform