
പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 51.750 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 25.88 ലക്ഷം രൂപ വിപണി മൂല്യമുള്ള ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്.
ട്രെയിനുകള്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് പാലക്കാട്, തൃശൂര്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിവരികയായിരുന്നു.
ബുധനാഴ്ച റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തുന്നതിനിടെ ചില ട്രെയിനുകള്‍ പുറപ്പെട്ടതിനു ശേഷം പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 5 ബാക്ക്പാക്ക് ബാഗുകള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആര്‍.പി.എഫിന്റെ പിന്തുണയോടെ കസ്റ്റംസ്
സ് സംഘം ബാഗുകള്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഓരോ ബാഗിലും ഏകദേശം 2 കിലോഗ്രാം വീതം തൂക്കമുള്ള 5 പാക്കറ്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. പച്ച നിറത്തിലുള്ള പോളിത്തീന്‍ കവറുകളില്‍ സൂക്ഷിച്ച കഞ്ചാവ് പാക്കറ്റുക.ള്‍ ബ്രൗണ്‍ കളര്‍ അഡ്ഹസീവ് ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. പരിശോധനയില്‍ നിന്ന് തപ്പിച്ചുപോകുന്നതിനും എളുപ്പത്തില്‍ കൈമാറുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ പാക്ക് ചെയ്തിരുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് അടങ്ങിയ ബാഗുകള്‍ പിടിച്ചെടുക്കുകയും തുടര്‍ന്നുള്ള നിയമനടപടികള്‍ക്കായി കേസ് സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സംഭവത്തില്‍ ലഹരി കടത്താന്‍ ശ്രമിച്ച പ്രതികളെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.