
ആർക്ടിക് ദ്വീപായ ഗ്രീൻലൻഡുമായി സുരക്ഷാ കരാർ ധാരണയായെന്നു പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. ഡെന്മാർക്കിന്റെ അർദ്ധ സ്വയം ഭരണ പ്രദേശത്തു യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്ന കരാർ എക്കാലത്തേക്കും നിലവിൽ ഉണ്ടാവും.
യുഎസിന്റെ ഭാഗമാക്കുമെന്നു ട്രംപ് പലകുറി ഭീഷണിപ്പെടുത്തിയ പ്രദേശത്തു റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രവേശം തടയാനാണ് നടപടിയെന്നാണു വ്യാഖ്യാനം. അടുത്തയാഴ്ച്ച ന്യൂ യോർക്കിൽ യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിനെത്തുമ്പോൾ കരാർ ഒപ്പുവയ്ക്കാൻ സാധ്യത ഉണ്ടെന്നു ഗ്രീൻലാൻഡ്, ഡെൻമാർക്ക് നേതാക്കൾ അറിയിച്ചു.
യുഎസിനു യാതൊരു പണച്ചെലവും ഈ കരാർ ഉണ്ടാക്കുന്നില്ലെന്നു ട്രംപ് വ്യക്തമാക്കി. അതേ സമയം, യുഎസിന്റെ ആശങ്കകൾ പരിഹരിക്കുന്നുമുണ്ട്.
ഗ്രീൻലൻഡിന്റെ സുരക്ഷ പൂർണമായും യുഎസിന്റെ ചുമതലയിൽ വന്നുവെന്നു ട്രംപ് പറഞ്ഞപ്പോൾ ദ്വീപിന്റെ പരമാധികാരവും അതിർത്തികളും കരാർ അംഗീകരിക്കുന്നുവെന്നു ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സൺ പറഞ്ഞു. സമ്പൂർണ നിയന്ത്രണം എന്ന ട്രംപിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല എന്നാണ് അതിന്റെ സൂചന. ഗ്രീൻലൻഡ് യുഎസിന്റെ സ്വന്തമാകുന്നതിൽ കുറഞ്ഞ ഒരു ധാരണയും സ്വീകാര്യമല്ലെന്നു ട്രംപ് പറഞ്ഞിരുന്നു.
യൂറോപ്പിനെയും നേറ്റോ സഖ്യത്തെയും ഞെട്ടിച്ച ആ സമീപനം ഉപേക്ഷിക്കുന്ന കരാറാണ് ഇപ്പോൾ ഉണ്ടായതെന്നു കരുതപ്പെടുന്നു. മറ്റൊരു രാജ്യത്തിനും ഗ്രീൻലൻഡിൽ സൈനികമായ സാന്നിധ്യം നേടാനോ പണം ഇറക്കാനോ സാധ്യമല്ല എന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
ഉടൻ തന്നെ കൂടുതൽ സൈന്യത്തെ അവിടേക്കു അയക്കുമെന്നു ട്രംപ് പറഞ്ഞു. രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോഴാണ് 1951ൽ യുഎസ് ഗ്രീൻലൻഡിൽ സൈനിക താവളം സ്ഥാപിച്ചത്. ആ കരാർ അനുസരിച്ചു നേറ്റോ സഖ്യരാജ്യങ്ങൾക്കു അവിടേക്കു സൈന്യത്തെ അയക്കാം. പുതിയ കരാറിൽ അത് അനുവദിക്കുമ്പോൾ തന്നെ ശത്രു രാജ്യങ്ങളുടെ സൈന്യം കാലുകുത്താൻ പാടില്ല എന്ന വ്യവസ്ഥയുമുണ്ട്.
ഗ്രീൻലൻഡ് സ്വതന്ത്ര രാജ്യമായാലും കരാർ തുടരുമെന്നു യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Trump claims 'infinite' deal with Greenland