
ന്യൂയോര്‍ക് : കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കല്‍ 2.5 മടങ്ങ് വര്‍ദ്ധിച്ചു. 2016-ല്‍ 63 ബില്യണ്‍ ഡോളര്‍ ആയിരുന്നത് കഴിഞ്ഞ വര്‍ഷം 151 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് (IFAD) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണം പ്രവാസികളില്‍ നിന്നും ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്.
ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം പ്രവാസികളുടെ പണം അയയ്ക്കല്‍ 728.6 ബില്യണ്‍ ഡോളറിലെത്തി. 2016-ലെ കണക്കുകളുടെ ഇരട്ടിയാണിത്. കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഇത് സഹായിക്കുന്നുവെന്ന് IFAD വ്യക്തമാക്കി.
ഇന്ത്യയുടെ ആധാര്‍ , യു.പി.ഐ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പണം കൈമാറ്റം വേഗത്തിലാക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണം അയയ്ക്കലാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് പ്രധാന പിന്തുണ നല്‍കുന്നത്.