
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം.17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി മൃതദേഹം വിജനമായ പറമ്പില്‍ ഉപേക്ഷിച്ചു. മൃതദേഹ ഭാഗങ്ങള്‍ തെരുവുനായകള്‍ തിന്നതായും റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേരെ
പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികള്‍, പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, വാഹനം എന്നിവ പോലീസ് കണ്ടെടുത്തു.
സെപ്റ്റംബര്‍ 13-നാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ കുഷാക് റോഡിലുള്ളപറമ്പിന് സമീപത്തുനിന്ന് പെണ്‍കുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം പോലീസ് കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ മൃതദേഹഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ ഒരു കൈ ശരീരത്തില്‍നിന്ന് വേര്‍പെട്ടിരുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ പെണ്‍കുട്ടിയാണെന്ന് ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ല.
കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതികളും തമ്മില്‍ മുന്‍പ് പരിചയമുണ്ടായിരുന്നു. സംഭവദിവസം ഇവര്‍ ഒരു ടെമ്പോയില്‍ ഒന്നിച്ച് യാത്രചെയ്യുകയും ടെമ്പോയ്ക്കുള്ളില്‍വെച്ച് മദ്യം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മകള്‍ ഇടയ്ക്കിടെ വീട്ടില്‍നിന്ന് പോകുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തിരികെ വരികയുംചെയ്യുന്ന പതിവുള്ളതിനാല്‍ കുടുംബം കാണാതായ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്നതിനാലും പ്രതികളേക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാതിരുന്നതിനാലും പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. പരിശോധനയില്‍ കേസിന് ആസ്പദമായ സമയത്ത് സംഭവസ്ഥലത്തിന് സമീപത്തുകൂടി ഒരു ടെമ്പോ കടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇരുട്ടായതിനാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമല്ലായിരുന്നു.
വിവിധ സിസിടിവി ലൊക്കേഷനുകള്‍ പിന്തുടര്‍ന്ന് പോലീസ് വാഹനം നിരീക്ഷിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സംശയാസ്പദമായ രീതിയില്‍ ടെമ്പോ പോലീസ് കണ്ടെത്തുകയും ഡ്രൈവറെ ചോദ്യംചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന്
പേര്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.