
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ മുന്‍ എഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി അദ്ദേഹം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് ഉടന്‍ തന്നെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്.
ശിക്ഷാവിധി വന്ന വ്യാഴാഴ്ച രാത്രിയോടെയാണ് തച്ചങ്കരിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ജയില്‍ ഡോക്ടര്‍ എത്തി അദ്ദേഹത്തെ പരിശോധിക്കും. പരിശോധനയ്ക്ക് ശേഷമായിരിക്കും ഏതു തരത്തിലുള്ള ചികിത്സയാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നത്.
ജയിലിലെ ആശുപത്രി വാര്‍ഡില്‍ തന്നെ തുടര്‍ചികിത്സ നല്‍കിയാല്‍ മതിയോ അതോ പുറത്തുള്ള ജനറല്‍ ആശുപത്രിയിലേക്കോ മെഡിക്കല്‍ കോളേജിലേക്കോ മാറ്റേണ്ട സാഹചര്യമുണ്ടോഎന്നും ഡോക്ടറായിരിക്കും തീരുമാനിക്കുക. തച്ചങ്കരിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് ജയില്‍വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവില്‍ അദ്ദേഹം ആശുപത്രി ബ്ലോക്കില്‍ തുടരുകയാണ്.
സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി ഔദ്യോഗികപദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി ടോമിന്‍ ജെ. തച്ചങ്കരിയെ കഴിഞ്ഞദിവസം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന്
തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് തച്ചങ്കരി മറുപടി നല്‍കിയത്. ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ച് വേദനയുണ്ടായെന്നും തച്ചങ്കരി പറഞ്ഞിരുന്നു.