Image

സ്‌കൂട്ടറില്‍ കറങ്ങിനടന്ന് പെണ്‍കുട്ടികളെ ഉപദ്രവിച്ചയാള്‍ പിടിയില്‍

Published on 18 September, 2026
 സ്‌കൂട്ടറില്‍ കറങ്ങിനടന്ന് പെണ്‍കുട്ടികളെ ഉപദ്രവിച്ചയാള്‍ പിടിയില്‍

കൊല്ലം: സ്‌കൂട്ടറില്‍ കറങ്ങിനടന്ന് വഴിയാത്രക്കാരായ പെണ്‍കുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് പിടിയില്‍. നെടുവത്തൂരില്‍ കോഴിക്കട നടത്തുന്ന പുത്തൂര്‍ ആലയ്ക്കല്‍ ജംക്ഷനു സമീപം ചെറുമങ്ങാട് കുഴിയില്‍ പുത്തന്‍വീട്ടില്‍ ലിജോ ജോസഫ് (33) ആണ് പിടിയിലായത്.

പുത്തൂരില്‍ നിന്ന് റൂറല്‍ പൊലിസ് ഡാന്‍സാഫ് ടീമാണ് ലിജോയെ പിടികൂടിയത്. ഹെല്‍മറ്റും മാസ്‌ക്കും ധരിച്ച് നീല സ്‌കൂട്ടറില്‍ എത്തി കഴിഞ്ഞ നാലു മാസത്തിനിടെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി 12 പെണ്‍കുട്ടികളെ ഉപദ്രവിച്ചതായി പ്രതി സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു.

ശൂരനാട്, കിഴക്കേ കല്ലട സ്റ്റേഷനുകളില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയുള്ള കേസുകള്‍ നിലവിലുണ്ട്. കാല്‍നടയായോ സൈക്കിളിലോ പോകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് ആക്രമണത്തിനിരയായത്. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ചെളി തേച്ച് മറച്ചും ഒരുഭാഗം ഒടിച്ച നിലയിലും റജിസ്‌ട്രേഷന്‍ നമ്പര്‍ കാണാത്ത തരത്തിലാണ് ഇയാള്‍ യാത്ര ചെയ്യുന്നത്.

സ്ത്രീകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ചെരിപ്പുകളാണ് യുവാവ് ധരിക്കുന്നത്. അക്രമത്തിനു ശേഷം കുന്നത്തൂര്‍, അടൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ വിവിധ ഇടറോഡുകളിലൂടെ സഞ്ചരിച്ചാണ് കടന്നുകളയുക. വിവിധ സ്ഥലങ്ങളില്‍നിന്നും ലഭ്യമായ നാനൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലിസ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇയാളെ കണ്ടെത്താനായില്ല. ഡാന്‍സാഫ് ടീമിന്റെ തുടര്‍ച്ചയായ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

കൊല്ലം-തേനി ദേശീയപാതയില്‍ ശൂരനാട് പുളിമൂട് ജംഗ്ഷനു സമീപവും ചക്കുവള്ളി- മലനട റോഡിലും പടിഞ്ഞാറേകല്ലട ഐത്തോട്ടുവയിലും കിഴക്കേ കല്ലട ചിറ്റുമലയിലും വിദ്യാര്‍ഥിനികള്‍ അതിക്രമത്തിന് ഇരയായി. എന്നാല്‍ ഒരിടത്ത് പ്രതി മാസ്‌ക് ധരിച്ചിരുന്നില്ല.

അക്രമിയെ ധൈര്യത്തോടെ നേരിട്ട പെണ്‍കുട്ടി ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതിയുടെ രൂപവും ശരീരഭാഷയും മനസിലാക്കിയ പെണ്‍കുട്ടി, ഇയാള്‍ക്ക് വെറ്റില മുറുക്കുന്ന ശീലമുണ്ടെന്നും പറഞ്ഞിരുന്നു.

പൊലിസിന് പെണ്‍കുട്ടി നല്‍കിയ സൂചനകളാണ് യുവാവിനെ കണ്ടെത്താന്‍ നിര്‍ണായകമായത്. നീല സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന, സമാന ശരീര ഭാഷയുള്ള യുവാവിനായി സിസിടിവി ദൃശ്യങ്ങള്‍ താരതമ്യം ചെയ്തു ഡാന്‍സാഫ് ടീം മാസങ്ങളായി തുടര്‍ന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക