
കോഴിക്കോട്: കോഴിക്കോട് മത്സ്യ ബന്ധനത്തിനിടെ ലഭിച്ചത് നേവിയുടെ മിസൈല്‍ എന്ന് സ്ഥിരീകരണം. ശത്രുരാജ്യങ്ങളുടെ റഡാറുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നാവിക സേന ഉപയോഗിക്കുന്ന മിസൈലാണ് ഇതെന്നാണ് കണ്ടത്തിയിരിക്കുന്നത്. നേവി സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സൈന്യം ഉപയോഗിക്കുന്നതിനിടെ ലക്ഷ്യം തെറ്റി കടലില്‍ വീണതാകാം എന്നാണ് നിഗമനം. മിസൈല്‍ കാലപ്പഴക്കം ചെന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം എആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ സ്ഫോടനം നടത്തി മിസൈല്‍ നിര്‍വീര്യമാക്കിയിട്ടുണ്ട്. പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്കാണ് മിസൈല്‍ ലഭിച്ചത്. വലയില്‍ കുടുങ്ങിയ മിസൈല്‍ തൊഴിലാളികള്‍ കരയ്ക്ക് എത്തിക്കുകയായിരുന്നു. മറ്റ് യുദ്ധക്കപ്പലില്‍ നിന്ന് വരുന്ന മിസൈലുകള്‍ റഡാറില്‍ പതിഞ്ഞാലുടന്‍ പറന്നെത്തി അവയെ വഴിതിരിച്ചു വിടുകയും ചെറു പ്രഹരത്തിലൂടെ കടലില്‍ വീഴ്ത്തുകയുമാണ് റഡാര്‍ മിസൈലുകളുടെ ദൗത്യം. ഏറെക്കാലം മുമ്പ് കടലില്‍ വീണ മിസൈല്‍ നാവിക സേനാംഗങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായി തൊടുത്തതാകാമെന്നാണ് വിലയിരുത്തുന്നത്.
ഇത് ഇന്ത്യന്‍ പ്രതിരോധ സേനയുടെ മിസൈല്‍ ആയതിനാല്‍ മറ്റ് സംശയങ്ങളില്ല. കുതിപ്പേകാന്‍ ഉപയോഗിക്കുന്ന പ്രൊപ്പലന്റ് തീര്‍ന്ന് മിസൈല്‍ കടലില്‍ വീണതാണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മിസൈലിന്റെ അവശിഷ്ടങ്ങള്‍ കൊച്ചി നാവിക കേന്ദ്രത്തിലെ ഡമ്പിങ് യാര്‍ഡിലെത്തിച്ച് നശിപ്പിക്കും. കഴിഞ്ഞ വെള്ളിയാഴ്ച പുതിയാപ്പയില്‍ നിന്ന് മത്സ്യബന്ധനത്തിനായിപ്പോയ രാജലക്ഷ്മി ബോട്ടിലെ തൊഴിലാളികള്‍ക്കാണ് കരയില്‍ നിന്ന 30 നോട്ടിക്കല്‍ മൈല്‍ അകലെനിന്ന് മിസൈല്‍ കിട്ടിയത്. പ്രതിരോധ സേനയുടെ ഷെല്‍ ആണെന്നായിരുന്നു പ്രഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ അവശേഷിക്കുന്നുണ്ടെന്ന് ബോംബ് സ്‌ക്വാഡും ഏലത്തൂര്‍ കോസ്റ്റല്‍ പൊലീസും നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.