
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്നും വ്യാജമദ്യം പിടിച്ചെടുത്തതായി എക്സൈസ് റിപ്പോര്‍ട്ട്. 12.75 ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തെന്നാണ് എക്‌സൈസ് ക്രൈം ആന്‍ഡ് ഒക്ക്യുറന്‍സ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും ലൈസന്‍സുമില്ലാതെ നിയമവിരുദ്ധമായി മദ്യം സൂക്ഷിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ നിന്നാണ് മദ്യം കണ്ടെടുത്തത്. 1077-ലെ കേരള അബ്കാരി ആക്ട് I-പ്രകാരം അനധികൃതമായി മദ്യം സൂക്ഷിക്കുകയും കടത്തുകയും ചെയ്തതിന് സെക്ഷന്‍ 55(എ), വില്‍പനയ്ക്കായി മദ്യം സൂക്ഷിച്ചുവെച്ചതിന് സെക്ഷന്‍ 55(ഐ), വ്യാജമദ്യം കയ്യില്‍ വെച്ചതിന് സെക്ഷന്‍ 58 എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ഇത്രയും അധികം മദ്യം സൂക്ഷിച്ചുവെച്ചതിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുകളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ ആന്റോ അഗസ്റ്റിനെ മാത്രം പ്രതിയാക്കിയാണ് എക്‌സൈസ് ഒക്കറന്‍സ് റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പിടിച്ചെടുത്ത മദ്യത്തിന്റെ കൃത്യമായ വിവരങ്ങള്‍ എക്‌സൈസ് പുറത്തുവിട്ട പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 12.75 ലിറ്ററിലധികം വരുന്ന വ്യാജമദ്യത്തിന് (ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം) പുറമെ 43 ലിറ്ററിലധികം വരുന്ന ഫോറിന്‍ മെയ്ഡ് ഫോറിന്‍ ലിക്കറും, ഒരു ലിറ്ററിലധികം വരുന്ന ഫോറിന്‍ മെയ്ഡ് ഫോറിന്‍ വൈനും, 6 ലിറ്ററിലധികം
വരുന്ന കെ.എസ്.ബി.സി. വൈനുമാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തത്.
കേസുമായി ബന്ധപ്പെട്ട് 27 പേജ് അടങ്ങുന്ന വിശദമായ ഒക്കറന്‍സ് റിപ്പോര്‍ട്ടാണ് എക്‌സൈസ് സംഘം തയ്യറാക്കിയിരിക്കുന്നത്. വീട്ടിലെ ഓരോ സ്ഥലത്തുനിന്നും പിടിച്ചെടുത്ത മദ്യക്കുപ്പികളുടെ വിവരങ്ങളും അവയുടെ ലേബലുകളും കൃത്യമായി ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നും എക്‌സൈസ് സംഘം വ്യക്തമാക്കി.