Image

സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

Published on 17 September, 2026
 സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

 

പിറവം: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. പിറവം ടൗണില്‍ കൊച്ചുപള്ളി-സ്നേഹ ഭവന്‍ റോഡില്‍ ഇന്ന് പുലര്‍ച്ചെ 1.30ന് ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കക്കാട് കോട്ടുകുന്നത്ത് പ്രകാശിന്റെ മകന്‍ അരുണ്‍ കുമാറിനെ (31) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെട്രോള്‍ ഒഴിച്ച് കത്തിച്ച നെച്ചൂര്‍ പെരുമ്പിള്ളില്‍ വിജയന്റെ മകന്‍ ജിഷ്ണുവും പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അരുണ്‍ ഫോണ്‍ വിളിച്ച് ജിഷ്ണുവിന്റെ മാതാവിനോട് അസഭ്യം പറഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പെട്രോളൊഴിച്ച് കത്തിക്കലില്‍ എത്തിയത് എന്നുമാണ് വിവരം.

അരുണ്‍ പിറവത്തെ ഒരു ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക്കാണ്. ജിഷ്ണു കുടുംബസമേതം സൗദിയിലായിരുന്നു. ഈയടുത്താണ് നാട്ടില്‍ അവധിക്കു വന്നത്. ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഇരുവരും മൊബൈല്‍ ഫോണിലൂടെ തര്‍ക്കമുണ്ടായി. അരുണ്‍ കൊച്ചുപള്ളി റോഡിലുണ്ടന്നറിഞ്ഞ് ജിഷ്ണുവും സുഹൃത്തുക്കളും ഇവിടേക്ക് എത്തുകയായിരുന്നു.

ഫോണ്‍ വിളി പ്രശ്നത്തെ ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍ ജിഷ്ണു കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ അരുണിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഈ സമയം ജീഷ്ണുവിന്റെ ദേഹത്തും പെട്രോള്‍ തെറിച്ചിരുന്നു. ഇതിനിടെ ജിഷ്ണു സിഗരറ്റ് ലാമ്പ് കത്തിച്ചപ്പോള്‍ സ്വന്തം ദേഹത്ത് ആദ്യം തീ പിടിക്കുകയും അത് അരുണിലേക്ക് പടരുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ അരുണിന്റെ നില ഗുരുതരമാണ്. ജിഷ്ണുവിനൊപ്പമുണ്ടായിരുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മൂന്നു പേരെ സംഭവത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക