
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരായ എക്‌സൈസ് കേസില്‍ എഫ്‌ഐആര്‍ പകര്‍പ്പ് പുറത്ത്. ആന്റോയുടെ വീട്ടില്‍നിന്ന് ഏകദേശം 67 ലിറ്ററോളം വരുന്ന 138 മദ്യക്കുപ്പികള്‍ പിടിച്ചെടുത്തതായാണ് എഫ്‌ഐആറില്‍ പറയുന്നത്.
അനധികൃതമായി അളവില്‍ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എക്‌സൈസ് ആന്റോയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്.
നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വയ്ക്കലും, അനധികൃത മദ്യവില്‍പ്പന-വില്‍പനയ്ക്കായി മദ്യം സൂക്ഷിക്കല്‍, നികുതിവെട്ടിച്ച് മദ്യം കൈവശംവയ്ക്കല്‍ തുടങ്ങി കുറ്റങ്ങളാണ് ആന്റോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്.
അതേസമയം, താന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ലെന്നായിരുന്നു അറസ്റ്റിലായതിന് പിന്നാലെ ആന്റോ അഗസ്റ്റിന്റെ പ്രതികരണം. പൊലിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞു. അവര്‍ക്ക് മെസിയുമായി ബന്ധപ്പെട്ട രേഖകള്‍ കൊടുത്തു. അതിനുശേഷം എക്‌സൈസുമായി ബന്ധപ്പെട്ട് ഏതോ കേസില്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്. താന്‍ മദ്യപിക്കുന്ന ആളല്ല. ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല. എക്‌സൈസുമായി ബന്ധപ്പെട്ട കേസ് എന്താണെന്നറിയില്ല. എവിടെയാണ് മദ്യം സൂക്ഷിച്ചതെന്നോ എന്താണ് സംവിധാനമെന്നോ അറിയില്ലെന്നും ആന്റോ പറഞ്ഞു.
കേസില്‍ ആദ്യം അറസ്റ്റ് നടപടികളുമായി ആന്റോ സഹകരിച്ചിരുന്നില്ല. എഫ്‌ഐആര്‍ കാണാതെ അറസ്റ്റിനു വഴങ്ങില്ലെന്ന നിലപാടിലായിരുന്നു ആന്റോ. മെസിയെ കൊണ്ടുവരുമെന്ന പേരില്‍ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡ് അവസാനിപ്പിച്ച് എസ്‌ഐടി സംഘം മടങ്ങും മുമ്പേയാണ് എക്‌സൈസ് സംഘം റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശേരി ഓഫീസില്‍ എത്തിയത്.