Image

ഡയാനയുടെ സഹോദരൻ എഴുതിയ പുസ്തകത്തിലെ വിവരങ്ങളോടു പ്രതികരിച്ചു ചാൾസ് രാജാവ് (പിപിഎം)

Published on 17 September, 2026
ഡയാനയുടെ സഹോദരൻ എഴുതിയ പുസ്തകത്തിലെ വിവരങ്ങളോടു പ്രതികരിച്ചു ചാൾസ് രാജാവ് (പിപിഎം)

അന്തരിച്ച ഡയാന രാജകുമാരിയെ കുറിച്ചു അവരുടെ സഹോദരൻ ചാൾസ് സ്‌പെൻസർ എഴുതിയ പുസ്തകത്തിലെ ചില വിവരങ്ങളോടു ചാൾസ് മൂന്നാമൻ രാജാവ് പ്രതികരിച്ചു.

'Swan Song: Diana, My Sister' പുറത്തു വന്നിട്ടില്ലെങ്കിലും ബുധനാഴ്ച്ച ‘ഡെയ്‌ലി മെയിൽ’ അതിലെ ചില ഭാഗങ്ങൾ പുറത്തു വിട്ടിരുന്നു. ഡയാനയുടെ മരണ ശേഷം അന്ന് കിരീടാവകാശി ആയിരുന്ന ചാൾസുമായി ചൂടു പിടിച്ച തർക്കം ഉണ്ടായെന്നു സ്‌പെൻസർ പുസ്തകത്തിൽ പറയുന്നു.

ഡയാനയുടെ മരണം ലോകത്തെ അമ്പരപ്പിച്ചെന്ന സത്യം ഉൾക്കൊള്ളാൻ ചാൾസിനു കഴിഞ്ഞില്ലെന്നു സ്‌പെൻസർ പറഞ്ഞു. "അദ്ദേഹത്തിനു ഡയാനയോടുള്ള വിദ്വേഷം സംഭാഷണത്തിൽ വ്യക്തമായി."

ഡയാനയെ ലോകം വൈകാതെ മറക്കുമെന്നു ചാൾസ് പറഞ്ഞെന്നു സ്‌പെൻസർ വെളിപ്പെടുത്തുന്നു. അന്നു കാമുകിയായിരുന്ന കാമിലയെ അദ്ദേഹം പിന്നീട് വിവാഹം കഴിക്കയും ചെയ്തു.  

ചാൾസും സ്പെൻസറും തമ്മിലുണ്ടായ പ്രധാന തർക്കം അന്ന് 15 വയസ് ആയിരുന്ന വില്യം രാജകുമാരനെയും 12കാരൻ ഹാരി രാജകുമാരനെയും ഡയാനയുടെ ശവമഞ്ചത്തിനു പിന്നിൽ നടത്താനുള്ള ചാൾസിന്റെ തീരുമാനം ആയിരുന്നു. 2023ൽ ഹാരി എഴുതിയ 'Spare' എന്ന പുസ്തകത്തിൽ അതേക്കുറിച്ചു പറയുന്നുണ്ട്. "മുതിർന്ന ഒട്ടേറെ ആളുകൾ അതിൽ അമ്പരപ്പ് പ്രകടിപ്പിച്ചു. അങ്കിൾ ചാൾസ് പൊട്ടിത്തെറിച്ചു. 'ആ കുട്ടികൾ അമ്മയുടെ ശവമഞ്ചത്തിനു പിന്നിൽ നടക്കാൻ നിർബന്ധിക്കുന്നത് കാടത്തമാണെന്നു'  അദ്ദേഹം പറഞ്ഞു."  

2017ൽ ബി ബി സിയോട് സ്‌പെൻസർ തന്നെ അതേക്കുറിച്ചു പറഞ്ഞു. "വിചിത്രവും ക്രൂരവുമായ തീരുമാനമായിരുന്നു അത്. എന്റെ ജീവിതത്തിൽ ഏറ്റവും ഭീകരമായ അനുഭവം. ഭയാനകം.

"ഒടുവിൽ പ്രസംഗിക്കാൻ ആവശ്യപ്പെട്ടതിനേക്കാൾ എത്രയോ ഭീകരം. 'അമ്മ മരിച്ച ദുഃഖം അടക്കാൻ കഴിയാത്ത രണ്ടു ആൺ കുട്ടികളെ ആ ശവമഞ്ചത്തിനു പിന്നിൽ നടത്തി; എനിക്കും നടക്കേണ്ടി വന്നു. എനിക്കിന്നും അതേപ്പറ്റി ഓർക്കുമ്പോൾ പേടിസ്വപ്നം ഉണ്ടാവാറുണ്ട്."

ചാൾസ് രാജാവിനു വേണ്ടി ബക്കിങ്ങാം കൊട്ടാരം ഇറക്കിയ പ്രസ്താവനയിൽ ഇങ്ങിനെ പറയുന്നു: "പുസ്തകങ്ങളെ കുറിച്ച് ഞങ്ങൾ പരാമർശിക്കാറില്ല. സഹോദരന്റെ വേദന യുക്തിയെ മറയ്ക്കുന്നത് രാജാവിനു മനസിലാക്കാൻ കഴിയും. അത് വിലയിരുത്തലിനെ ബാധിക്കാം, തിരിച്ചറിയാൻ കഴിയാത്ത വിധം ഓർമയെ മറയ്ക്കാം, എത്ര കാലം കഴിഞ്ഞാലും."

1997ൽ പാരിസിൽ ഉണ്ടായ കാറപകടത്തിലാണ് 36 വയസിൽ ഡയാന മരിച്ചത്. അവർക്കൊപ്പം ഉണ്ടായിരുന്ന കാമുകൻ ദോദി ഫയാദും ഡ്രൈവറും കൊല്ലപ്പെട്ടു.

Charles responds to Spenser book on Diana 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക