Image

റഷ്യക്കെതിരായ ഉപരോധം യുഎസ് ഹൗസും അംഗീകരിച്ചു; ഇന്ത്യക്കും 'ശിക്ഷ' കിട്ടാം (പിപിഎം)

Published on 17 September, 2026
റഷ്യക്കെതിരായ ഉപരോധം യുഎസ് ഹൗസും അംഗീകരിച്ചു; ഇന്ത്യക്കും 'ശിക്ഷ' കിട്ടാം (പിപിഎം)

റഷ്യയ്‌ക്കെതിരെ സമഗ്രമായ ഉപരോധം ഏർപ്പെടുത്താനുള്ള ബിൽ യുഎസ് സെനറ്റിനു പിന്നാലെ ഹൗസും പാസാക്കി. ബുധനാഴ്ച്ച 262-159 വോട്ടിനു പാസായ ബിൽ ഇനി പ്രസിഡന്റ് ട്രംപ് ഒപ്പിട്ടാൽ നിയമമാകും.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു അതിന്റെ പേരിൽ 100% ഇറക്കുമതി തീരുവ ചുമത്താൻ ബിൽ പ്രസിഡന്റിന് അധികാരം നൽകുന്നു.

അന്തരിച്ച സെനറ്റർ ലിൻഡ്‌സെ ഗ്രെയമിന്റെ പേരിലുള്ള ബിൽ ഒരു വർഷത്തോളം നീണ്ട കൂടിയാലോചനകൾക്കു ശേഷമാണു പാസാക്കിയത്. റഷ്യൻ ആക്രമണത്തിന്റെ ദുരിതം അനുഭവിക്കുന്ന യുക്രൈനെ പിന്തുണയ്ക്കുന്ന യുഎസ് സാമാജികരുടെ ഏറ്റവും സമ്പൂർണമായ നടപടിയാണിത്.

യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി ഈ നടപടിക്കു വേണ്ടി സമ്മർദം ചെലുത്തിയിരുന്നു.

റഷ്യൻ നേതൃത്വത്തിനും സാമ്പത്തിക സ്ഥാപനങ്ങൾക്കും ബാങ്കിങ് അധികൃതർക്കും എതിരായ ശിക്ഷാ നടപടികൾക്ക് ആക്കം കൂട്ടുന്ന ബില്ലിൽ എണ്ണ കടത്തുന്ന കപ്പലുകൾക്ക് എതിരെയും നടപടിക്കു വ്യവസ്ഥയുണ്ട്.

ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയെയും ചൈനയെയും ബില്ലിൽ പേരെടുത്തു പറഞ്ഞു തീരുവ ചുമത്താൻ ശുപാർശ ചെയ്യുന്നു. എന്നാൽ 100% വ്യവസ്ഥ ചെയ്യാതെ അക്കാര്യം പ്രസിഡന്റിനു വിടുകയാണ്.

ഓഗസ്റ്റ് 7നു സെനറ്റ് 86-11 ഭൂരിപക്ഷത്തിൽ ബിൽ പാസാക്കിയിരുന്നു.

After Senate, US House passes Russia sanctions bill

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക