
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൃഗശാല വനമേഖലയിലേക്ക് മാറ്റിസ്ഥാപിക്കണമെന്നും, ആ സ്ഥലം മാഡിസൺ സ്ക്വയറോ പ്രാഗ് സ്ക്വയറോ പോലെയുള്ള അതിമനോഹരമായ പൊതു ഇടമാക്കി വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. തലസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികളെ ആകർഷിച്ച് കുറഞ്ഞത് നാലു ദിവസമെങ്കിലും നഗരത്തിൽ താമസിപ്പിക്കുന്ന തരത്തിലുള്ള പ്രധാന കേന്ദ്രമായി ഇവിടം മാറ്റിയെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. 'റീഇമാജിനിങ് കേരള' പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി തന്റെ സ്വപ്നപദ്ധതി പരസ്യമാക്കിയത്.
നഗരമധ്യത്തിൽ മൃഗശാല പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന വലിയ ക്രൂരതയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ മൃഗത്തിനും അതിന്റേതായ സ്വാഭാവിക വാസസ്ഥലം അനിവാര്യമാണ്. മൃഗശാല തലസ്ഥാന നഗരത്തിൽത്തന്നെ തുടരേണ്ടതുണ്ടോയെന്ന് ഗൗരവമായി ചിന്തിക്കണം. നെയ്യാർ പോലെയുള്ള വനമേഖലയോട് ചേർന്ന സ്വാഭാവിക പരിസരങ്ങളിലേക്ക് മൃഗശാല മാറ്റിസ്ഥാപിക്കുകയാണ് പ്രായോഗികമായ പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഈ വികസന സ്വപ്നം ആദ്യമായാണ് താൻ പൊതുവേദിയിൽ തുറന്നുപറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരള മോഡൽ എന്ന പേരിൽ പഴയ പ്രതാപത്തിൽ മാത്രം ജീവിച്ചതുകൊണ്ട് കാര്യമില്ലെന്നും പുതിയ കാലത്തിനനുസരിച്ച് നാം മാറണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ലോകം അതിവേഗം മുന്നേറുകയാണ്, വിജ്ഞാന വിപ്ലവവും ഫ്യൂച്ചർ ടെക്നോളജികളും എല്ലായിടത്തും വിപ്ലവം സൃഷ്ടിക്കുകയാണ്. സർക്കാർ ഇപ്പോഴും പരമ്പരാഗതമായ വഴികളിലൂടെ മാത്രം മുന്നോട്ടുപോയാൽ ആ യാത്ര എവിടെയെങ്കിലും ചെന്ന് ഇടിച്ചുനിൽക്കുകയേ ഉള്ളൂവെന്നും ആധുനിക കാഴ്ചപ്പാടുകളോടെ വികസനം നടപ്പാക്കാൻ സംസ്ഥാനം സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.