Image

100 കോടിയുടെ കോഴക്കേസ്: മുൻ മന്ത്രി അൻപിൽ മഹേഷിന്റെ വസതികളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; രാഷ്ട്രീയ പകപോക്കലെന്ന് സ്റ്റാലിൻ

Published on 16 September, 2026
100 കോടിയുടെ കോഴക്കേസ്: മുൻ മന്ത്രി അൻപിൽ മഹേഷിന്റെ വസതികളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; രാഷ്ട്രീയ പകപോക്കലെന്ന് സ്റ്റാലിൻ

​ചെന്നൈ: സ്വകാര്യ സ്‌കൂൾ ലൈസൻസുമായി ബന്ധപ്പെട്ട 100 കോടി രൂപയുടെ കോഴക്കേസിൽ ഡി.എം.കെ നേതാവും തമിഴ്നാട്ടിലെ മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷിന്റെ വസതികളിൽ വ്യാപക റെയ്ഡ്. തമിഴ്നാട് പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) സംഘമാണ് ചെന്നൈയിലെയും തിരുച്ചിറപ്പള്ളിയിലെയും വസതികളിൽ ഒരേസമയം പരിശോധന നടത്തുന്നത്. അഴിമതി നിരോധന നിയമപ്രകാരം അൻപിൽ മഹേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് അന്വേഷണ സംഘം നടപടികളിലേക്ക് കടന്നത്.

​സ്വകാര്യ സ്‌കൂൾ അംഗീകാരത്തിനായി 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ കഴിഞ്ഞ ജൂണിൽ മറ്റൊരു ഡി.എം.കെ നേതാവായ അരസ്‌കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് മുൻ വിദ്യാഭ്യാസ മന്ത്രിയിലേക്ക് അന്വേഷണം നീണ്ടത്. സ്‌കൂൾ ലൈസൻസ് അനുവദിക്കുന്നതിൽ ഉന്നതതലത്തിൽ വൻ ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും നടന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

​അതേസമയം, പോലീസിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. വിജയ് സർക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തരംതാണ നീക്കമാണ് റെയ്ഡെന്ന് അദ്ദേഹം വിമർശിച്ചു. ഉദയനിധി സ്റ്റാലിന്റെ ഏറ്റവും അടുത്ത സുഹൃത്തും പ്രമുഖ നേതാവുമായ അൻപിൽ മഹേഷിനെ തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക