
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ വൈദ്യുതി ഉറപ്പാക്കാനുള്ള തീവ്രശ്രമവുമായി സർക്കാർ. ഇതിന്റെ ഭാഗമായി കൂടുതൽ വൈദ്യുതി ആവശ്യപ്പെട്ട് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം നാളെ മുംബൈയിൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐഎൽ) ചെയർമാനുമായി നിർണായക ചർച്ച നടത്തും. ഒരാഴ്ചയ്ക്കുള്ളിൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും, ഉപഭോഗം ഉയർന്നുനിൽക്കുന്നതും ദേശീയ തലത്തിലെ ആവശ്യകത കാരണം തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും തിരിച്ചടിയാകുന്നുണ്ട്.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഉയർന്ന ഉപഭോഗമാണ് രേഖപ്പെടുത്തിയത്; 94.08 ദശലക്ഷം യൂണിറ്റായിരുന്നു മൊത്തം ഉപയോഗം. പീക്ക് സമയങ്ങളിൽ 900 മെഗാവാട്ടിന്റെ വരെ കുറവാണ് അനുഭവപ്പെടുന്നത്. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ആഭ്യന്തര ഉത്പാദനം 22.71 ദശലക്ഷം യൂണിറ്റിലേക്ക് ചുരുങ്ങി. ഇതോടെ ഗ്രിഡ് ഫ്രീക്വൻസി അപകടകരമായ രീതിയിൽ താഴുകയും പ്രഖ്യാപിത ലോഡ്ഷെഡിങ്ങിന് പുറമെ പലയിടങ്ങളിലും അപ്രതീക്ഷിതമായി വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു. ഇന്നലെ വൈകീട്ട് 6.20 മുതൽ പുലർച്ചെ 12.35 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. കേന്ദ്രത്തിൽ നിന്നുള്ള 150 മെഗാവാട്ടും വിപണിയിൽ നിന്നുള്ള 25 മെഗാവാട്ടുമാണ് ഇന്നലെ അധികമായി ലഭിച്ചത്.
അതിനിടെ, കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിനെത്തുടർന്ന് 250 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് അവർ അറിയിച്ചിരുന്നു. എന്നാൽ രാവും പകലും യൂണിറ്റിന് 13.50 രൂപയെന്ന ഒരേ നിരക്ക് ഈടാക്കുമെന്ന നിബന്ധനയും രാത്രിയിൽ 80 മെഗാവാട്ട് മാത്രമേ നൽകാനാവൂ എന്ന വ്യവസ്ഥയും സംസ്ഥാനത്തിന് കനത്ത സാമ്പത്തിക ബാധ്യതയാകും. പീക്ക് സമയമായ വൈകീട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെ കൂടുതൽ വൈദ്യുതി അനുവദിക്കണമെന്നും കൂടിയ നിരക്കിൽ ഇളവ് വരുത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്ഇബി ഹിമാചൽ സർക്കാരിന് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്.