
ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേനാ കപ്പലിൽ പാകിസ്ഥാന്റെ യുദ്ധക്കപ്പലിടിച്ച് അപകടം. പാക് നാവികസേനയുടെ പ്രകോപനപരവും നിരുത്തരവാദപരവുമായ നടപടിയെത്തുടർന്നുണ്ടായ അപകടത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ചാർജ് ഡി അഫയേഴ്സിനെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തി രാജ്യത്തിന്റെ കടുത്ത അതൃപ്തി അറിയിച്ചു. കൂട്ടിയിടിയിൽ ഇരു കപ്പലുകൾക്കും സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ സംഭവം നടന്ന തീയതിയോ സമയമോ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
സൈനികാഭ്യാസങ്ങളും സൈനിക നീക്കങ്ങളും നടത്തുമ്പോൾ ഇരു രാജ്യങ്ങളും മുൻകൂട്ടി പരസ്പരം വിവരം കൈമാറണമെന്ന 1991-ലെ ഉഭയകക്ഷി കരാറിലെ ആർട്ടിക്കിൾ 10-ന്റെ നഗ്നമായ ലംഘനമാണ് പാക് കപ്പലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളെയും വ്യവസ്ഥകളെയും കാറ്റിൽപ്പറത്തി പാക് നാവികസേന കാട്ടിയ അച്ചടക്കമില്ലായ്മ അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ നിലപാടെടുത്തു. സൈനികതലത്തിലുള്ള ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ വലിയ സുരക്ഷാ പ്രതിസന്ധികൾക്ക് കാരണമാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.
തുറന്ന കടലിൽ ഇത്തരം അപകടകരമായ പ്രകോപനങ്ങളും നീക്കങ്ങളും മേലിൽ ആവർത്തിക്കരുതെന്ന് പാക് പ്രതിനിധിയോട് ഇന്ത്യ കർശനമായി ആവശ്യപ്പെട്ടു. നിലവിലുള്ള ഉഭയകക്ഷി കരാറുകൾ പൂർണമായി പാലിക്കാൻ എല്ലാ പാക് സൈനിക യൂണിറ്റുകൾക്കും അടിയന്തര നിർദേശം നൽകണമെന്നും, വിഷയത്തിന്റെ ഗൗരവം പാകിസ്ഥാൻ സർക്കാരിന്റെയും അവിടുത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തണമെന്നും ഇന്ത്യ നിർദേശിച്ചു.