Image

പത്നിയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചിരിക്കെ ഭർത്താവിനും മരണം ; ദേവദത്തൻ നമ്പൂതിരിക്കും ഭാര്യയ്ക്കും മണിക്കൂറുകളുടെ ഇടവേളയിൽ അന്ത്യം

Published on 16 September, 2026
പത്നിയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചിരിക്കെ ഭർത്താവിനും മരണം ; ദേവദത്തൻ നമ്പൂതിരിക്കും ഭാര്യയ്ക്കും മണിക്കൂറുകളുടെ ഇടവേളയിൽ അന്ത്യം

കാസർകോട്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ വൃദ്ധദമ്പതികൾക്ക് ഒന്നിച്ചൊരു വിടവാങ്ങൽ. ഭാര്യയുടെ മൃതദേഹത്തിനരികിലിരുന്ന് നാമം ജപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭർത്താവും മരിച്ചു. പ്രമുഖ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവരാണ് നാടിനെ കണ്ണീരിലാഴ്ത്തി ഒന്നിച്ച് യാത്രയായത്.

​മകനും കാസർകോട് ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് അധ്യാപകനുമായ സതീഷ് ഡി. കരിവേലിയുടെ വിദ്യാനഗർ പാറക്കട്ടയിലെ വസതിയിലായിരുന്നു സംഭവം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗിരിജാദേവി അന്തർജനം 14-ന് രാത്രി 11.30-ഓടെയാണ് അന്തരിച്ചത്. ദേവദത്തൻ നമ്പൂതിരിയെ ഭാര്യയുടെ വിയോഗവാർത്ത ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ബന്ധുക്കൾ അറിയിച്ചത്.

​പ്രിയപത്നിയുടെ വിയോഗവാർത്തയറിഞ്ഞ് മൃതദേഹത്തിന് അരികിലിരുന്ന് പ്രാർഥനാപൂർവ്വം നാമം ജപിച്ചുകൊണ്ടിരിക്കെയാണ് ദേവദത്തൻ നമ്പൂതിരിക്ക് പെട്ടെന്ന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ദമ്പതികളുടെ മൃതദേഹങ്ങൾ ഇരവിനല്ലൂരിലെ കരിവേലി ഇല്ലം വളപ്പിൽ സംസ്കരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക