Image

സീറ്റ് ബെൽറ്റും കുട്ടികളുടെ സുരക്ഷയും: നിയമങ്ങൾ കടലാസിലുണ്ട്, പാലിക്കാത്തതാണ് യഥാർത്ഥ പ്രതിസന്ധിയെന്ന് സുപ്രീം കോടതി

Published on 16 September, 2026
സീറ്റ് ബെൽറ്റും കുട്ടികളുടെ സുരക്ഷയും: നിയമങ്ങൾ കടലാസിലുണ്ട്, പാലിക്കാത്തതാണ് യഥാർത്ഥ പ്രതിസന്ധിയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സ്വകാര്യ-വാണിജ്യ വാഹനങ്ങളിൽ സീറ്റ് ബെൽറ്റുകൾ, കുട്ടികൾക്കുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ (ചൈൽഡ് റെസ്ട്രയിന്റ് സിസ്റ്റം), ഫസ്റ്റ് എയ്ഡ് കിറ്റുകൾ എന്നിവ കർശനമായി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി. രാജ്യത്ത് കർശനമായ സുരക്ഷാ നിയമങ്ങൾ നിലവിലുണ്ടെങ്കിലും അവ താഴെത്തട്ടിൽ നടപ്പിലാക്കുന്നതിലാണ് പോരായ്മയെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിയമത്തിലെ വ്യവസ്ഥകൾ ആവർത്തിച്ചുകൊണ്ട് കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചതുകൊണ്ടുമാത്രം അത് നടപ്പിലാവില്ലെന്നും ഹർജിക്കാരന്റെ പ്രായോഗിക നിർദേശങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയത്തിന് സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

​പ്രമുഖ ആരോഗ്യ വിദഗ്ദ്ധനും പ്രമേഹ ഗവേഷകനുമായ ഡോ. ജ്യോതിദേവ് കേശവദേവ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച റിട്ട് ഹർജിയാണ് കോടതി പരിഗണിച്ചത്. മോട്ടോർ വാഹന നിയമപ്രകാരം ഡ്രൈവർമാർക്ക് പുറമെ മുൻ-പിൻ സീറ്റുകളിലെ യാത്രക്കാർക്കും നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. പല വാഹനങ്ങളിലും സീറ്റ് കവറുകൾ കൊണ്ടും മറ്റു രൂപമാറ്റങ്ങൾ വരുത്തിയും സീറ്റ് ബെൽറ്റ് സോക്കറ്റുകൾ പ്രവർത്തനരഹിതമാക്കുകയാണെന്നും പൊലീസും എൻഫോഴ്സ്മെന്റ് ഏജൻസികളും കാട്ടുന്ന അനാസ്ഥയാണ് അപകട മരണനിരക്ക് ഉയർത്തുന്നതെന്നും നേരത്തെ കേന്ദ്രത്തിന് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹർജിക്കാരൻ വാദിച്ചു.

​ഹർജിയിലെ വാദങ്ങൾ പരിശോധിച്ച കോടതി, സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് മതിയായ ചട്ടങ്ങൾ നിലവിലുണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്ന് വിലയിരുത്തി. എന്നാൽ നിയമങ്ങളുടെ അഭാവമല്ല, മറിച്ച് യാത്രക്കാരുടെ അലംഭാവവും നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുന്നതിൽ അധികൃതർ വരുത്തുന്ന വീഴ്ചയുമാണ് യഥാർത്ഥ പ്രതിസന്ധി. ഇത് തികച്ചും ട്രാഫിക് അച്ചടക്കവുമായും ക്രമസമാധാന പരിപാലനവുമായും ബന്ധപ്പെട്ട കാര്യമാണ്. തുടർന്ന്, ഹർജിക്കാരൻ മുന്നോട്ടുവെച്ച സുരക്ഷാ ശുപാർശകൾ പരിഗണിക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടുകൊണ്ടാണ് കോടതി പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക