Image

വന്ദേമാതരം നോക്കാതെ പൂർണമായി പാടിയാൽ രാജി; ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ, സർക്കാർ ഉത്തരവിനെതിരെ കോടതിയിൽ ഹർജി

Published on 16 September, 2026
വന്ദേമാതരം നോക്കാതെ പൂർണമായി പാടിയാൽ രാജി; ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ, സർക്കാർ ഉത്തരവിനെതിരെ കോടതിയിൽ ഹർജി

ബെംഗളൂരു: ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതിനിടെ ബിജെപിയെ രൂക്ഷമായി വെല്ലുവിളിച്ച് സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാർഗെ. എല്ലാ വരികളും നിർബന്ധമായും ആലപിക്കണമെന്ന് വാശിപിടിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയും പ്രതിപക്ഷ നേതാവ് ആർ. അശോകയും നോട്ടുകളോ ടെലിപ്രോംപ്റ്ററോ നോക്കാതെ വന്ദേമാതരം പൂർണ്ണമായി തെറ്റുകൂടാതെ പാടി കാണിച്ചാൽ താൻ മന്ത്രിസ്ഥാനം രാജിവെക്കാമെന്ന് ഖാർഗെ തുറന്നടിച്ചു. വന്ദേമാതരത്തെ കരുവാക്കി ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

​ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്നത് സ്വാതന്ത്ര്യസമര സേനാനികൾ മുൻപ് കൈക്കൊണ്ട ചരിത്രപരമായ തീരുമാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ എന്നിവരേക്കാൾ വലിയവരാണോ നരേന്ദ്ര മോദിയും ഇന്നത്തെ ബിജെപി നേതാക്കളുമെന്നും അദ്ദേഹം പരിഹസിച്ചു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് ദേശീയ ഗാനത്തിന് മുൻപ് ആറ് ചരണങ്ങളും പാടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, 1937-ലെ കോൺഗ്രസ് പ്രമേയം കണക്കിലെടുത്ത് ആദ്യ രണ്ട് ചരണങ്ങൾ മാത്രം മതിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യ സർക്കാർ ഉത്തരവിറക്കിയതും ഇതിനെതിരെ ന്യൂനപക്ഷ പ്രീണനം ആരോപിച്ച് ബിജെപി രംഗത്തെത്തിയതും.

​അതേസമയം, വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാൻ നിർദേശിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നിയമപോരാട്ടത്തിലേക്ക് നീങ്ങി. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഗിരീഷ് ഭരദ്വാജ് കർണാടക ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്നും ദേശീയ ഗീതത്തെ വെട്ടിചുരുക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉത്തരവിനെ ചൊല്ലി ഭരണ-പ്രതിപക്ഷ തർക്കം കനക്കുന്നതിനിടെ കേസ് ഹൈക്കോടതിയിലെത്തിയത് സർക്കാരിന് പുതിയ വെല്ലുവിളിയായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക