
ഫിറോസാബാദ്: ഉത്തർപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ ചവിട്ടേറ്റ പൂർണഗർഭിണി പ്രസവത്തിന് പിന്നാലെ ചികിത്സയിലിരിക്കെ മരിച്ചു. ഫിറോസാബാദിലെ ലഭാവ ഗ്രാമവാസിയായ അഞ്ജലി വർമ (28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ആശുപത്രിയിൽ ഇവർ ജന്മം നൽകിയ ആൺകുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് രണ്ട് സബ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു.
ഗ്രാമത്തിൽ നടന്ന ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് ഭർത്താവ് ഗൗരവിനെ ചോദ്യം ചെയ്യാനായി ഞായറാഴ്ച അർധരാത്രിയോടെയാണ് പോലീസ് സംഘം വീട്ടിലെത്തിയത്. ഭർത്താവിനെ ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ, താൻ പൂർണഗർഭിണിയാണെന്നും ഭർത്താവിനെ കൊണ്ടുപോകരുതെന്നും അഞ്ജലി പോലീസുകാരോട് കരഞ്ഞുപറഞ്ഞു. എന്നാൽ ഇത് ചെവിക്കൊള്ളാതെ പോലീസ് ബലപ്രയോഗം നടത്തുകയും, തർക്കത്തിനിടയിൽ സബ് ഇൻസ്‌പെക്ടർ ധർമപാൽ സിങ് യുവതിയുടെ വയറ്റിൽ ശക്തമായി ചവിട്ടുകയുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
ചവിട്ടേറ്റ് അഞ്ജലി നിലത്തുവീണതിന് ശേഷവും ഗൗരവിനെ പോലീസ് സംഘം ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് യുവതിയെ ഉടൻതന്നെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയെങ്കിലും അഞ്ജലിയുടെ ജീവൻ രക്ഷിക്കാനായില്ല. ദാരുണ സംഭവത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.