
ന്യൂഡൽഹി: സി.പി.ഐ ദേശീയ നേതാവ് ആനി രാജയുടെ പേര് കരട് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. പേരിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹിയിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി കമ്മീഷൻ നോട്ടീസ് അയച്ചത്. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയും ആനി രാജയും ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർമാരാണ്. എന്നാൽ പേരിന്റെ രണ്ടാം ഭാഗമായ 'രാജ' എന്നത് തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കണമെന്നാണ് കമ്മീഷന്റെ വിചിത്രമായ നിർദേശം.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിച്ച വേളയിലൊന്നും കണ്ടെത്താത്ത സാങ്കേതിക പ്രശ്നങ്ങളാണ് ഇപ്പോൾ കമ്മീഷൻ ഉന്നയിക്കുന്നതെന്ന് ആനി രാജ പ്രതികരിച്ചു. വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടറാണെന്ന് വ്യക്തമാക്കുന്ന ബൂത്ത് നമ്പറും ഇലക്ടറൽ നമ്പറും അടങ്ങിയ രേഖകൾ കൃത്യമായി നൽകിയിരുന്നു. എന്നാൽ നിലവിലെ പരിശോധനയിൽ മുൻപ് നൽകിയ രേഖകൾ സ്വീകാര്യമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
1991-ൽ വിവാഹിതയായ തന്റെ പേരിനൊപ്പം 1987-ന് മുൻപുള്ള രേഖകളിൽ എങ്ങനെ 'രാജ' എന്ന് ചേർക്കാനാകുമെന്നും കമ്മീഷന്റെ യുക്തിരഹിതമായ നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ വോട്ടവകാശം നിഷേധിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്നും അന്യായമായ നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും ആനി രാജ മാധ്യമങ്ങളോട് വ്യക്തമാക്കി.