
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണെന്നും നിലവിലെ നിയന്ത്രണങ്ങൾ ഒരാഴ്ചയ്ക്കകം പൂർണ്ണമായി ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ലഭ്യമായ എല്ലാ സ്രോതസ്സുകളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. കഴിഞ്ഞ ദിവസം ഒഡീഷയിൽ നിന്നും ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്നും 150 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങി. ഇതുകൂടാതെ വൈദ്യുതി ലഭ്യതയ്ക്കായി കർണാടക, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് ഉൾപ്പെടെ എട്ടോളം സംസ്ഥാനങ്ങളുമായും എൻ.ടി.പി.സി പോലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായും സർക്കാർ നേരിട്ട് ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മഴക്കുറവിനൊപ്പം മുൻവർഷത്തേക്കാൾ ഉപഭോഗത്തിലുണ്ടായ 950 മെഗാവാട്ടിന്റെ വർധനവും സ്വന്തം ഉൽപ്പാദന പരിമിതികളും സ്റ്റോറേജ് സൗകര്യങ്ങളുടെ അഭാവവുമാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്. പകൽസമയത്ത് 2500 മെഗാവാട്ടോളം സൗരോർജ്ജം ലഭിക്കുന്നുണ്ടെങ്കിലും സംഭരണ സംവിധാനമില്ലാത്തതിനാൽ പീക്ക് അവറുകളിൽ ഇത് പ്രയോജനപ്പെടുന്നില്ല. മുൻ സർക്കാരിന്റെ കാലത്ത് 25 വർഷത്തേക്കുള്ള ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കുകയും പകരം സംവിധാനങ്ങൾ ഏർപ്പെടുത്താതിരിക്കുകയും ചെയ്തത് തിരിച്ചടിയായി. എന്നാൽ നിലവിലെ സർക്കാർ ദീർഘകാല വാങ്ങൽ കരാറുകൾക്കായി സജീവമായി ശ്രമിക്കുന്നുണ്ടെന്നും യൂണിറ്റിന് 10 രൂപയിൽ കൂടരുതെന്ന റെഗുലേറ്ററി കമ്മീഷന്റെ കർശന നിർദ്ദേശം പാലിച്ച് മാത്രമേ ഉയർന്ന നിരക്കുകളിൽ വൈദ്യുതി വാങ്ങാനാവൂ എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഒക്ടോബർ ഒന്നു മുതൽ അടുത്ത മൺസൂൺ വരെയുള്ള ഹ്രസ്വകാല ആവശ്യങ്ങൾക്കൊപ്പം ഭാവിയിലെ വർധിച്ച ഉപഭോഗം കൂടി മുൻനിർത്തിയുള്ള ദീർഘകാല ഊർജ്ജനയമാണ് സർക്കാർ ആവിഷ്കരിക്കുന്നത്. നിലവിൽ 6000 മെഗാവാട്ട് ആവശ്യമായി വരുന്നത് സെമികണ്ടക്ടർ, എ.ഐ വ്യവസായങ്ങളുടെ വളർച്ചയോടെ 2030-ഓടെ 10,000 മെഗാവാട്ടായി ഉയർന്നേക്കും. പുനരുപയോഗ ഊർജ്ജത്തിന് പ്രാധാന്യം നൽകുന്ന പുതുക്കിയ വൈദ്യുതി നയം ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇ.ഡിയുടെ കത്ത് സർക്കാർ ഗൗരവമായി പരിശോധിക്കുകയാണെന്നും അതിൽ ഉടൻ യുക്തമായ തീരുമാനമെടുക്കുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.