
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയിൽ പോലീസ് നടത്തിയ റെയ്ഡിനെ പൂർണ്ണമായും ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വാറന്റോടെ തികച്ചും നിയമപരമായാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) റെയ്ഡ് നടത്തിയതെന്നും ഇതിൽ സർക്കാർ ഇടപെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താ സംപ്രേഷണത്തെ പോലീസ് തടസ്സപ്പെടുത്തിയിട്ടില്ല. ചാനൽ തത്സമയം സംപ്രേഷണം ചെയ്തപ്പോഴാണ് താനും റെയ്ഡിനെക്കുറിച്ച് അറിഞ്ഞതെന്നും മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ അത് കേസ് അന്വേഷണത്തിന്റെ ഭാഗം മാത്രമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് കായിക വകുപ്പ് നൽകിയ പരാതിയുടെയും ജി.എസ്.ടി വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിലെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകൾ നടന്നതായി റിപ്പോർട്ടുകളിൽ വ്യക്തമായിട്ടുണ്ട്. ചട്ടപ്പടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടക്കുന്ന കൃത്യമായ അന്വേഷണത്തിന്റെ ഭാഗമായാണ് മാധ്യമസ്ഥാപനത്തിലെ പരിശോധന. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തൽ സർക്കാരിന്റെ നയമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തം മാത്രമാണ് നിർവഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പോലീസിന്റെ നടപടിക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂടുതൽ ധാർമ്മികരോഷം കൊള്ളേണ്ടതില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മംഗളം ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മറുനാടൻ മലയാളി തുടങ്ങിയ മാധ്യമങ്ങൾക്ക് നേരെ നടന്ന പോലീസ് റെയ്ഡുകളും മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവങ്ങളും അദ്ദേഹം ഓർമ്മിപ്പിച്ചു. എസ്.എഫ്.ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയതടക്കം മുൻ സർക്കാരിന്റെ കാലത്തെ നിരവധി മാധ്യമവേട്ടകൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, സ്വന്തം ഭരണകാലത്തെ പ്രവർത്തനങ്ങൾ മറന്നുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇപ്പോൾ വലിയ ധാർമ്മികത പ്രസംഗിക്കുന്നതെന്നും കുറ്റപ്പെടുത്തി.