Image

വ്യാജ ക്രെഡിറ്റ് സന്ദേശങ്ങളുമായി തട്ടിപ്പുസംഘം; ഓൺലൈൻ ടാക്സി-ഓട്ടോ ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശവുമായി പോലീസ്

Published on 16 September, 2026
വ്യാജ ക്രെഡിറ്റ് സന്ദേശങ്ങളുമായി തട്ടിപ്പുസംഘം; ഓൺലൈൻ ടാക്സി-ഓട്ടോ ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശവുമായി പോലീസ്

​കൊച്ചി: സംസ്ഥാനത്തെ ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. ഓൺലൈൻ ആപ്പുകൾ വഴി വാഹനം ബുക്ക് ചെയ്ത ശേഷം യാത്രക്കാരെന്ന വ്യാജേന ഡ്രൈവർമാരെ ഫോണിലോ വാട്‌സ്ആപ്പിലോ ബന്ധപ്പെട്ടാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. യാത്രാക്കൂലി ഓൺലൈനായി മുൻകൂട്ടി അയച്ചപ്പോൾ അക്കൗണ്ടിലേക്ക് തുക മാറിപ്പോയെന്നോ, അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കായി അയച്ച തുകയാണെന്നോ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയെടുക്കുന്നതെന്ന് പോലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

​ബാങ്കിൽ നിന്ന് പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയതിന് സമാനമായ വ്യാജ എസ്.എം.എസ് (SMS) ഡ്രൈവറുടെ ഫോണിലേക്ക് അയച്ചാണ് സംഘം വിശ്വാസ്യത നേടുന്നത്. വാഹനം ഓടിക്കുന്ന തിരക്കിനിടയിൽ ഡ്രൈവർമാർക്ക് അക്കൗണ്ട് ബാലൻസോ സന്ദേശത്തിന്റെ ഉറവിടമോ കൃത്യമായി പരിശോധിക്കാൻ സാധിക്കാത്ത സാഹചര്യം ഇവർ മുതലെടുക്കുന്നു. തുടർന്ന് അബദ്ധത്തിൽ വന്നതാണെന്ന് പറയുന്ന തുക വാട്‌സ്ആപ്പിലൂടെ നൽകുന്ന ലിങ്ക് വഴിയോ മറ്റൊരു യു.പി.ഐ അക്കൗണ്ടിലേക്കോ ഉടൻ തിരികെ അയക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

​അക്കൗണ്ടിൽ പണം എത്തിയെന്ന തെറ്റിദ്ധാരണയിൽ ഡ്രൈവർമാർ തുക കൈമാറുകയും, പിന്നീട് യാത്രക്കാരനെ കൂട്ടാൻ നിർദ്ദിഷ്ട സ്ഥലത്ത് എത്തുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്. അവിടെ യാത്രക്കാരൻ ഉണ്ടാകില്ലെന്ന് മാത്രമല്ല, ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോൾ പണം ലഭിച്ചിട്ടില്ലെന്നും വ്യക്തമാകും. ഓൺലൈൻ ഇടപാടുകളിൽ പൂർണമായ ജാഗ്രത പാലിക്കണമെന്നും ബാങ്ക് അക്കൗണ്ടിലെ ബാലൻസ് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താതെ അപരിചിതർക്ക് പണം കൈമാറരുതെന്നും പോലീസ് കർശന നിർദേശം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക