
കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടില്‍ വന്‍തോതില്‍ മദ്യശേഖരം പിടികൂടി. 43 ലിറ്റര്‍ വിദേശമദ്യവും ഏഴു ലിറ്റര്‍ വൈനുമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ പൊലിസ് വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യശേഖരം കണ്ടെത്തിയത്.
തുടര്‍ന്ന് നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി പൊലിസ് ഉദ്യോഗസ്ഥര്‍ എക്‌സൈസ് സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.
നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്ന അളവിലും വളരെ ഉയര്‍ന്ന അളവിലാണ് ഇവിടെ മദ്യം സൂക്ഷിച്ചിരുന്നത്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ നിയമനുസൃത പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്.
ബിയര്‍ ഉള്‍പ്പെടെയുള്ള മറ്റ് മദ്യങ്ങള്‍ പരമാവധി 15 ലിറ്റര്‍ വരെ കൈവശം വെക്കാന്‍ അനുമതിയുള്ളപ്പോഴാണ് ഇതിനേക്കാള്‍ എത്രയോ ഇരട്ടി മദ്യം ഈ വീട്ടില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. കണ്ടെടുത്ത മദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ എക്‌സൈസ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്.