
ഇടുക്കി: കളിക്കിടെ അബദ്ധത്തില്‍ വിദ്യാര്‍ഥിക്ക് കമ്പികൊണ്ട് അടിയേറ്റു. കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ഥിയായ ശരണിനാണ് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയില്‍ ഗുരുതരമായി പരുക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് കുമളി സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമൊത്ത് ഫുട്‌ബോള്‍ കളിച്ചശേഷം സമീപത്തെ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നതിനിടെ, മുന്നില്‍ നടന്നിരുന്ന സുഹൃത്ത് നിലത്തു കിടന്നിരുന്ന ഇരുമ്പു കമ്പി എടുത്ത് വീശിയപ്പോള്‍ ശരണിന്റെ തലയ്ക്ക് കൊള്ളുകയായിരുന്നു.
കമ്പികൊണ്ട് ആഴത്തില്‍ മുറിവേറ്റ് മുഖത്തും തലയിലും രക്തം വാര്‍ന്ന നിലയിലായിരുന്നു ശരണ്‍. അപകടം കണ്ട് ഭയചകിതരായ കൂട്ടുകാര്‍ നിലവിളിച്ച് ആളെക്കൂട്ടുകയും, നാട്ടുകാരുടെയും സമീപത്തുണ്ടായിരുന്നവരുടെയും സഹായത്തോടെ ശരണിനെ ഉടന്‍ തന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ വിദ്യാര്‍ഥി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.