
കൊച്ചി: മെസ്സിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സ്‌പോണ്‍സര്‍മാരായിരുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ പോലീസ് പരിശോധനയ്‌ക്കെത്തിയെ ങ്കിലും റെയ്ഡുമായി ബന്ധപ്പെട്ടവര്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിനുശേഷം കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡിനെത്തിയതെന്ന് തൃക്കാക്കര എസിപി പറഞ്ഞു.
കോടതിയുടെ വാറണ്ടോട് കൂടിയാണ് ചാനല്‍ ഓഫീസില്‍ റെയ്ഡിനെത്തിയത്. എന്നാല്‍ വാറണ്ട് കൈപ്പറ്റാന്‍ ഇവിടെയുള്ളവര്‍ തയ്യാറായില്ല. ഉത്തരവാദിത്തപ്പെട്ട ഒരു സ്ത്രീ അഞ്ച് മിനിറ്റ് കൊണ്ട് എത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുറന്ന് തരാന്‍ പലതവണ പറഞ്ഞെങ്കിലും തുറന്ന് നല്‍കിയില്ല. ഡിജിറ്റലായി ലോക്കാണ്. നിലവില്‍ പൂട്ട് തകര്‍ത്തുള്ള പരിശോധനയിലേക്ക് കടന്നിട്ടില്ലെന്നും പോലീസ് പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ഉടമകളായ അഗസ്റ്റിന്‍ സഹോദരന്മാരുടെ വയനാട്ടിലെ വീട്ടിലടക്കം അഞ്ചിടങ്ങളിലാണ് പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിവരുന്നത്. പുലര്‍ച്ചെ നാലു മണി മുതലാണ് പരിശോധന ആരംഭിച്ചതെന്നാണ് വിവരം.