Image

'ഇഡി ഭീഷണിപ്പെടുത്തി': സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ മൊഴി പിന്‍വലിച്ച് കെ.എസ്. സുരേഷ് കുമാര്‍

Published on 16 September, 2026
'ഇഡി ഭീഷണിപ്പെടുത്തി': സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ മൊഴി പിന്‍വലിച്ച് കെ.എസ്. സുരേഷ് കുമാര്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നല്‍കിയ മൊഴി പിന്‍വലിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥനായ കെ.എസ്. സുരേഷ് കുമാര്‍. 2024 മേയില്‍ നല്‍കിയ മൊഴി പിന്‍വലിച്ചുകൊണ്ട് ഇഡിക്ക് സുരേഷ് കുമാര്‍ കത്ത് നല്‍കുകയായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനും എക്‌സാലോജിക് കമ്പനിക്ക് സേവനം നല്‍കാതെ പണം നല്‍കി എന്ന് പറയാനും ഇഡി ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായ മൊഴികളിലൊന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥന്‍ തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

മൊഴിയെടുക്കാന്‍ ഉണ്ടായ സാഹചര്യവും പശ്ചാത്തലവും വിശദീകരിക്കുന്ന കുറിപ്പും സത്യവാങ്മൂലവും സഹിതമാണ് ഇഡിക്ക് കത്ത് നല്‍കിയിരിക്കുന്നത്. പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ അനധികൃതമായി പണം കൈമാറിയെന്ന് പറയാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഇത് തന്റെ 
സ്വമേധയാ ഉള്ള മൊഴിയല്ലെന്നും ഇതില്‍ പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും അദ്ദേഹം പറയുന്നു. ഇതിനു മുന്‍പ് മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തായ വാരിസ് ഹസനും സമാനമായ രീതിയില്‍ മൊഴി പിന്‍വലിച്ച് സത്യവാങ്മൂലം നല്‍കിയിരുന്നു.

താന്‍ നേരിട്ട നിരന്തരമായ പീഡനങ്ങളുടെ വിവരങ്ങളാണ് കത്തില്‍ സുരേഷ് കുമാര്‍ വിശദീകരിക്കുന്നത്. ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്ക് ഇഡി ഓഫീസില്‍ എത്തിയെങ്കിലും ഉച്ചവരെ ഉദ്യോഗസ്ഥരാരും കാണാന്‍ തയ്യാറായില്ല. തുടര്‍ന്ന് വൈകുന്നേരത്തോടെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ മുറിയിലെത്തിച്ച് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. തെറ്റായ മൊഴി നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കാതെ ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി നിര്‍ബന്ധിക്കുകയായിരുന്നു. ഒടുവില്‍ പുലര്‍ച്ചെയോടെ തളര്‍ന്നുപോയ സാഹചര്യത്തിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതുപോലെ മൊഴി നല്‍കേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.


തളര്‍ന്നുപോയ തനിക്ക് മരുന്നുകള്‍ പോലും നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പിറ്റേന്ന് രാവിലെ ഒന്‍പതരയ്ക്ക് മൊഴിയില്‍ ഒപ്പിടീച്ച ശേഷമാണ് ഭാര്യയെ വിളിച്ച് മരുന്ന് നല്‍കാന്‍ അനുവദിച്ചതെന്നും സുരേഷ് കുമാര്‍ പറയുന്നു. ഇതിനുപുറമേ, സിഎംആര്‍എല്‍ ഉടമ കര്‍ത്തയുടെ വീട്ടില്‍ വെച്ച് തന്റെ സാന്നിധ്യത്തില്‍ കര്‍ത്തയുടെ വിരല്‍ ബലമായി പിടിച്ച് ഈ മൊഴിയില്‍ മഷിയില്‍ മുക്കി പതിപ്പിച്ചു എന്ന ഗുരുതരമായ ആരോപണവും അദ്ദേഹം റിട്രാക്ഷന്‍ സ്റ്റേറ്റ്‌മെന്റില്‍ ഉന്നയിക്കുന്നുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക