
നിലമ്പൂര്‍: വീടിന്റെ അടുക്കളയ്ക്കടുത്ത ഷെഡ്ഡില്‍ സ്ഥാപിച്ചിരുന്ന പാചകവാതക സിലിന്‍ഡര്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു. ഷെഡ്ഡ് പൂര്‍ണമായും തകര്‍ന്നു. വീടിന്റെ പുറത്തായതിനാല്‍ മറ്റ് അപകടങ്ങളൊഴിഞ്ഞു.
നിലമ്പൂര്‍ മണലോടി റോഡിലെ 'രാജസൂയ'ത്തില്‍ മുന്‍ എക്‌സൈസ് കമ്മീഷണര്‍ പി.വി. മുരളീകുമാറിന്റെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. ഷെഡ്ഡില്‍നിന്ന് പുക ഉയരുന്നത് അയല്‍വാസികളാണ് കണ്ടത്. ഇവര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും പുകമാറി തീയായി. വന്‍ ശബ്ദത്തോടെ സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. അഗ്‌നിരക്ഷാസേനയെത്തി രണ്ടരയോടെ തീ അണച്ചു.
പുറത്തെ ഷെഡ്ഡില്‍ സിലിന്‍ഡര്‍വെച്ച് അതില്‍നിന്ന് അടുക്കളയിലേക്ക് പാചകവാതകം എത്തിക്കുകയാണ് ഇവിടെ പതിവായി ചെയ്യുന്നത്. ഒരുവശത്ത് സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഉപകരണങ്ങളും കൂണ്‍കൃഷിയും സമീപത്തെ കിണറിലേക്ക് വെച്ചിരുന്ന മോട്ടോറിന്റെ പൈപ്പുകളുംം കത്തിനശിച്ചിട്ടുണ്ട്.
സിലിന്‍ഡറില്‍നിന്ന് പാചകവാതകം ചോര്‍ന്നതും സമീപത്തെ വൈദ്യുതി മോട്ടോറില്‍നിന്ന് തീപ്പൊരി ഉണ്ടായതുമാകാം അപകടകാരണമായതെന്ന നിഗമനത്തിലാണ് വീട്ടുകാര്‍. പാചകവാതക ഏജന്‍സിയില്‍നിന്നുള്ള സൂചനയും ഇതിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.
പാചകത്തിന് ഉപയോഗിച്ചിരുന്ന സിലിന്‍ഡറിനു പുറമെ, വാതകമുള്ള മറ്റൊരു സിലിന്‍ഡറും ഇവരുടെ തോട്ടത്തിലെ വീട്ടില്‍ ഉപയോഗിച്ചിരുന്ന രണ്ട് കാലി സിലിന്‍ഡറുകളും ഇവിടെയുണ്ടായിരുന്നു. അതിന് അപകടമൊന്നും ഉണ്ടായില്ല.