
വിദേശത്തു നിന്നുള്ള വിദ്യാർഥികൾ, മാധ്യമ പ്രവർത്തകർ, എക്സ്ചേഞ്ച് വിസിറ്റർമാർ എന്നിവർക്കു യുഎസിൽ താമസിക്കാനുള്ള അനുമതി പരിമിതപ്പെടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പിൽ വരുന്നതിനു ഒരു ദിവസം മുൻപ് ഫെഡറൽ കോടതി താത്കാലികമായി തടഞ്ഞു.
യുഎസ് സമ്പദ് വ്യവസ്ഥയ്ക്കും വിദ്യാഭ്യാസ രംഗത്തിനും 'കൊടും വിപത്ത്' ആകാവുന്ന നയമാണതെന്നു ബോസ്റ്റണിൽ യുഎസ് ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് എഫ്. ഡെന്നിസ് സായ്‌ലർ നാലാമൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ സംരക്ഷിക്കാൻ ആ ചട്ടം ആവശ്യമാണെന്ന ഭരണകൂടത്തിന്റെ വാദം അദ്ദേഹം തള്ളിക്കളഞ്ഞത് 'അസംബന്ധമായ വാദം' എന്നു ചൂണ്ടിക്കാട്ടിയാണ്.
വാദത്തിനു പിൻബലം നൽകാൻ ഭരണകൂടം ചൂണ്ടിക്കാട്ടിയ ഏതാനും ചില സംഭവങ്ങൾ പുതിയ ചട്ടം കൊണ്ടു തടയാൻ കഴിയുന്നതല്ല എന്നും സായ്‌ലർ പറഞ്ഞു.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ജൂലൈയിൽ രൂപം നൽകിയ ചട്ടം ചൊവാഴ്ച്ച നടപ്പിൽ വരേണ്ടതായിരുന്നു.
സായ്‌ലറുടെ വിധി രാജ്യവ്യാപകമായി ബാധകമാകും. ഗവൺമെന്റ് അപ്പീൽ പോകുമെന്നാണ് കരുതപ്പെടുന്നത്.
Judge blocks rule limiting stay of foreign students, journalists