
ഡൽഹി: രാജ്യത്ത് വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്നതോടെ വിവിധ സംസ്ഥാനങ്ങളിൽ അടിയന്തിര പവർകട്ടും വിതരണ പ്രതിസന്ധിയും രൂക്ഷമാകുന്നു. കേരളത്തിന് പുറമെ പഞ്ചാബ്, ഉത്തർപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുന്നത്. കൽക്കരി ലഭ്യതക്കുറവും വൈദ്യുതി നിലയങ്ങളിലെ സാങ്കേതിക തകരാറുകളുമാണ് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിക്ക് പിന്നിലെന്ന് കേന്ദ്ര ഊർജ മന്ത്രാലയം അറിയിച്ചു.
പഞ്ചാബിൽ വ്യവസായ മേഖലയെ പിടിച്ചുകുലുക്കിക്കൊണ്ട് 14 മണിക്കൂർ വരെയാണ് പവർകട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. വീടുകളില്‍ 4 മുതൽ 5 മണിക്കൂർ വരെ ലോഡ്‌ഷെഡ്ഡിംഗ് നേരിടേണ്ടി വരുന്നു. ഉത്തർപ്രദേശിൽ 2,000 മുതൽ 3,000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കമ്മി രേഖപ്പെടുത്തിയതിനെ തുടർന്ന് നാല് ജില്ലകളിൽ 10 മണിക്കൂറോളം പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിൽ കടുത്ത ഇടിവുണ്ടായതോടെ തമിഴ്‌നാട്ടിലും രണ്ടു മണിക്കൂർ വരെ പവർകട്ട് ഏർപ്പെടുത്തേണ്ടിവന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഓപ്പൺ മാർക്കറ്റിൽ നിന്നും മറ്റ് കമ്പനികളിൽ നിന്നുമായി 2,000 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.