Image

നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Published on 15 September, 2026
നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയും പാൻ ഇന്ത്യൻ ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. സെപ്റ്റംബർ 13നായിരുന്നു വിവാഹം. ചിത്രങ്ങൾ അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. 20-ാം വയസ്സിൽ കണ്ടുമുട്ടിയ ഇരുവരും 30-ാം വയസ്സിൽ വിവാഹിതരായതിന്റെ സന്തോഷം നടി പങ്കിട്ടു. ഉറ്റ സുഹൃത്തും കാമുകനും ജീവിതപങ്കാളിയും ആത്മസുഹൃത്തും ആശ്വാസവുമായിരുന്ന നിമിഷ് രവി ഇപ്പോൾ ഭർത്താവായതിന്റെ സന്തോഷവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

‘20ൽ കണ്ടുമുട്ടി, 30ൽ വിവാഹിതരായി’ എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പമുള്ള അഹാനയുടെ കുറിപ്പ്.

“എന്റെ ബെസ്റ്റ് ഫ്രണ്ട്, ബോയ് ഫ്രണ്ട്, പങ്കാളി, സോൾമേറ്റ്, കംഫർട്ട് പില്ലോ, കപ് കേക്ക്, ഇപ്പോൾ ഭർത്താവ്. നിനക്കൊപ്പമായിരിക്കുമ്പോൾ എന്റെ ഹൃദയം പതിയെ, ശാന്തമായി, ശരിയായി സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രായമാവണം, നമ്മുടെ മാത്രമായൊരു ലോകം കെട്ടിപ്പടുക്കണം. ജീവിതകാലം മുഴുവൻ ഒരു ടീമായി മുന്നോട്ടുപോണം” എന്നാണ് അഹാന കുറിച്ചത്. സ്വപ്‌നവിവാഹം യാഥാർഥ്യമാക്കാൻ സഹായിച്ച കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ട്, ഇവന്റ് പ്ലാനർ, ഫോട്ടോഗ്രഫി ടീം, വിവാഹ വസ്ത്രങ്ങൾ ഒരുക്കിയവർ, മേക്കപ്പ്-ഹെയർ സ്റ്റൈലിസ്റ്റുകൾ എന്നിവർക്കും നടി നന്ദി അറിയിച്ചു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. വിവാഹത്തിന് മുന്നോടിയായി സെപ്റ്റംബർ 12ന് പ്രീ-വെഡ്ഡിങ് ചടങ്ങുകളും നടന്നിരുന്നു. സെപ്റ്റംബർ 15ന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും പ്രമുഖർക്കുമായി തിരുവനന്തപുരത്ത് വിവാഹ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.

20ഓളം സ്ലൈഡുകളിലായാണ് അഹാന വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. നിമിഷ് അഹാനയെ താലി ചാർത്തുന്നതും മോതിരം അണിയിക്കുന്നതും ചിത്രങ്ങളിലുണ്ട്. ദുൽഖർ സൽമാൻ, സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ദുൽഖറിന്റെ സാന്നിധ്യത്തിൽ വധൂവരന്മാർ വിവാഹവേദിയിൽ ചുംബിക്കുന്ന ചിത്രവും ശ്രദ്ധ നേടി. അഹാനയുടെ പിതാവ് ജി. കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും ചിത്രങ്ങളിലുണ്ട്. സെപ്റ്റംബർ 13ന് നടന്ന വിവാഹത്തിന് പിന്നാലെ ചൊവ്വാഴ്ച വൈകിട്ട് ആറര മുതൽ തിരുവനന്തപുരം ക്ലബ്ബിലെ സുബ്രഹ്‌മണ്യം ഹാളിലാണ് റിസപ്ഷൻ നടക്കുന്നത്. റിസപ്ഷൻ ക്ഷണക്കത്ത് നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെങ്കിലും കുടുംബം വിവാഹവിവരം സ്ഥിരീകരിച്ചിരുന്നില്ല.

തെന്നിന്ത്യയിലെ തിരക്കുള്ള ഛായാഗ്രാഹകരിലൊരാളാണ് നിമിഷ് രവി. രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയരംഗത്തേക്ക് എത്തിയത്. ആ ചിത്രത്തിൽ നിമിഷ് അസിസ്റ്റന്റ് ക്യാമറാമാനായിരുന്നു. പിന്നീട് അഹാന നായികയായ ടൊവിനോ തോമസ് ചിത്രം ‘ലൂക്ക’യുടെ ഛായാഗ്രഹണവും നിമിഷ് നിർവഹിച്ചു. അഹാനയുടെ അഭിനയ അരങ്ങേറ്റം മുതൽ സിനിമയിലൂടെ പരിചയപ്പെട്ട ഇരുവരുടെയും ബന്ധമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക