
കോട്ടയം: പരമ്പരാഗത മീൻപിടിത്ത ശൈലിയിലൂടെ സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ മത്സ്യത്തൊഴിലാളിയും ഇൻഫ്ലുവൻസറുമായ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെകെയെ (36) മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം പുളിഞ്ചുവടിലെ വാടക വീട്ടിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വൈകീട്ട് അഞ്ച് മണിയോടെ സ്കൂൾ വിട്ടെത്തിയ 13 വയസുള്ള മകളാണ് തംബുരുവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്കരിച്ചു.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന തംബുരു തനിക്കെതിരെ ഉയർന്ന അപവാദ പ്രചാരണങ്ങൾക്കുള്ള മറുപടിയായാണ് സ്വന്തം ഉപജീവനമാർഗമായ പരമ്പരാഗത തൊഴിൽ ക്യാമറയ്ക്ക് മുന്നിലെത്തിക്കാൻ തീരുമാനിച്ചത്. ‘ക്വീൻ ഫിഷർ’ എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ച ആദ്യ മീൻപിടിത്ത വീഡിയോ തന്നെ 90 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. പിന്നാലെ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും തംബുരുവിന് വലിയ ആരാധകരുമുണ്ടായി.
തംബുരുവിന്റെ മരണത്തിന് കാരണം ഓൺലൈൻ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സുഹൃത്തിന്റെ മാനസിക പീഡനമാണെന്ന് കുടുംബവും സുഹൃത്തുക്കളും നേരത്തെ ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച ഇയാൾ തംബുരുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും വിഡിയോകൾ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. മാനസിക പീഡനം മൂലം തംബുരുവിന് അടുത്തിടെ ചികിത്സ തേടേണ്ടി വന്നിരുന്നതായും ബന്ധുക്കൾ പറയുന്നു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.