
ലോസാഞ്ചലസ്: ലോസ് ആഞ്ചലസിലെ പീക്കോക്ക് തിയറ്ററിൽ 78-ാമത് പ്രൈം ടൈം എമ്മി അവാർഡിൽ നേട്ടങ്ങൾ കൊയ്ത് പ്രമുഖ പരമ്പരകൾ. ആപ്പിൾ ടിവിയുടെ ഹൊറർ കോമഡി സീരീസായ വിഡോസ് ബേ' (Widow's Bay) മികച്ച കോമഡി സീരീസിനുള്ള പുരസ്കാരം സ്വന്തമാക്കി. ഇതിലെ അഭിനയത്തിന് മാത്യു റൈസ് മികച്ച ഹാസ്യ നടനായി തിരഞ്ഞെടുക്കപ്പെട്ടു. നെറ്റ്ഫ്ലിക്സിന്റെ “ദി ബീസ്റ്റ് ഇൻ മി' എന്ന ലിമിറ്റഡ് സീരീസിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരവും റൈസ് കരസ്ഥമാക്കിയിരുന്നു. ഇതോടെ ഒരേ സീസണിൽ തന്നെ രണ്ട് ലീഡിങ് ആക്ടർ എമ്മി പുരസ്കാരങ്ങൾ നേടുന്ന ആദ്യ നടനെന്ന ചരിത്ര റെക്കോഡ് മാത്യു റൈസ് സ്വന്തമാക്കി.
വിഡോസ് ബേയിലെ പ്രകടനത്തിന് കേറ്റ് ഒഫ്ലിൻ മികച്ച സഹനടിയായും സ്റ്റീഫൻ റൂട്ട് മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. 'ഹാക്ട്' എന്ന പരമ്പരയിലൂടെ ജീൻ സ്മാർട്ട് തുടർച്ചയായ അഞ്ചാം തവണയും കോമഡി വിഭാഗത്തിലെ മികച്ച നടിക്കുള്ള അവാർഡ് നേടി.
എച്ച്.ബി.ഒ മാക്സിന്റെ മെഡിക്കൽ ഡ്രാമയായ 'ദി പിറ്റ് തുടർച്ചയായ രണ്ടാം വർഷവും മികച്ച ഡ്രാമ സീരീസിനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ, അതിലെ നായകൻ നോഹ വൈൽ മികച്ച നടനുള്ള നേട്ടം ആവർത്തിച്ചു. 'പ്ലൂറിബസ്' എന്ന പരമ്പരയിലെ പ്രകടനത്തിന് റിയ സീഹോൺ മികച്ച ഡ്രാമ നടിക്കുള്ള അവാർഡ് നേടി.
'ദി ഡിപ്ലോമാറ്റ്' എന്ന സീരീസിലൂടെ ആലിസൺ ജാന്നി മികച്ച ഡ്രാമ സഹനടിയായും. ടാസ്ക് എന്ന പരമ്പരയിലെ അഭിനയത്തിന് ടോം പെൽഫി മികച്ച ഡ്രാമ സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. എച്ച്.ബി.ഓയുടെ ഡി.ടി.എഫ് സെന്റ് ലൂയിസ് മികച്ച ലിമിറ്റഡ് സീരീസിനുള്ള പുരസ്കാരം നേടിയപ്പോൾ, നെറ്റ്ഫ്ലിക്സിന്റെ റിമാർക്കബ്ലി ബ്രൈറ്റ് ക്രീ ച്ചേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് സാലി ഫീൽഡ് ലിമിറ്റഡ് സീരീസ് ടിവി മൂവി വിഭാഗത്തിലെ മികച്ച നടിക്കുള്ള എമ്മി കരസ്ഥമാക്കി.