
കൊച്ചി: സംസ്ഥാനപാതയില്‍ നാട്ടുകാര്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്ടിച്ച രണ്ടംഗ സംഘത്തെ പിടിച്ചുമാറ്റാന്‍ ചെന്ന പൊലിസിനു നേരെ അസഭ്യവര്‍ഷവും കൈയേറ്റശ്രമവും. കഴിഞ്ഞ ദിവസം വൈകിട്ട് ഞാറക്കല്‍ പെരുമ്പിള്ളി ഭാഗത്തായിരുന്നു സംഭവം. ജീപ്പില്‍ കയറ്റുന്നതിനിടെ ജീപ്പിന്റെ പിന്നിലെ ഗ്ലാസും രണ്ടംഗ സംഘം ചവിട്ടിപ്പൊട്ടിച്ചു.
ഞാറക്കല്‍ എസ്ഐയുടെ മൊഴിയില്‍ ഔദ്യോഗിക കൃത്യം നിര്‍വഹണം തടസപ്പെടുത്തിയതിനും പൊലിസിന് നേരെ കൈയേറ്റത്തിന് ശ്രമിച്ചതിനും എളങ്കുന്നപ്പുഴ കുന്നപ്പിള്ളി ജിതേഷ്, പുതുവൈപ്പ് കളത്തിപ്പറമ്പില്‍ വിമല്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തു.
അതേസമയം, പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം വ്യാപകമാവുകയാണ്. സൗത്ത് കളമശേരിയില്‍ വാക്കുതര്‍ക്കം തടയാനെത്തിയ പൊലിസുകാരെ സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു. കളമശേരി പൊലിസ് സ്റ്റേഷനിലെ എഎസ്ഐ, എസ്സിപിഒ, സിപിഒ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ശനിയാഴ്ച എംഡിഎംഎ കേസ് പ്രതി മരട് പൊലിസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.