Image

ലോക്കറില്‍ സ്വര്‍ണവും പണവും; റിയാസിന്റെ സുഹൃത്തിനെ വളഞ്ഞ് ഇഡി

Published on 15 September, 2026
 ലോക്കറില്‍ സ്വര്‍ണവും പണവും; റിയാസിന്റെ സുഹൃത്തിനെ വളഞ്ഞ് ഇഡി

 

കോഴിക്കോട്: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഹവാല ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇഡി സംഘം മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിനെ ചോദ്യം ചെയ്തു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടത്തിയതെന്നാണ് വിവരം.

ഇന്നലെ കോഴിക്കോട്ട് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് പിന്നാലെ ഫെബീഷിന്റെ ബാങ്ക് ലോക്കര്‍ ഇഡി സീല്‍ ചെയ്തു. ലോക്കറില്‍ 50 പവനിലധികം സ്വര്‍ണവും പണവും ഉണ്ടായിരുന്നതായാണ് വിവരം. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇഡി വിശദാംശങ്ങള്‍ തേടി. സ്വര്‍ണം സഹോദരിയുടേതാണെന്നാണ് ഫെബീഷ് മറുപടി നല്‍കിയതെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പുതന്നെ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചതിന്റെ സൂചനയായാണ് നടപടിയെ വിലയിരുത്തുന്നത്. പൊലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇഡി.

നേരത്തെ റിയാസിന്റെ അടുപ്പക്കാരനായ വാരിസ് നല്‍കിയതായി പറയപ്പെടുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇഡി സംസ്ഥാന പൊലിസ് മേധാവിക്കയച്ച കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. 1.2 കോടി രൂപ ദുബായിയിലുള്ള വി.പി.ഫൈജാസിന്  അയച്ചുകൊടുത്തതായുള്ള വാരിസിന്റെ മൊഴിയാണ് നേരത്തെ പുറത്തുവന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക